തുടര്‍ച്ചയായി പതിമൂന്നാം ദിവസവും ചര്‍ച്ചകളില്ലാതെ പാര്‍ലമെന്റ് സ്തംഭിച്ചു: അവിശ്വാസപ്രമേയം പരിഗണിക്കാതിരിക്കാന്‍ മോദി സര്‍ക്കാരിന്റെ നാടകമെന്ന് വിമര്‍ശനം

single-img
21 March 2018

തുടര്‍ച്ചയായ 13ാം ദിവസവും ചര്‍ച്ചകളില്ലാതെ പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു. ടി.ഡിപി, അണ്ണാ ഡി.എം.കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ബഹളം വെച്ചതോടെയാണ് പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞത്. ഇതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ ടിഡിപിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും കൊണ്ടുവന്ന അവിശ്വാസപ്രമേയം പരിഗണിക്കാനായില്ല.

സ്പീക്കര്‍ സുമിത്രാ മഹാജനും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും സഭ തടസപ്പെടുന്നതിലെ നീരസം ആവര്‍ത്തിച്ചിട്ടും എം.പിമാര്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ല. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് പുന:സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെയും സംവരണ പ്രശ്‌നമുന്നയിച്ച് ടി ആര്‍ എസും ആന്ധ്രയുടെ പ്രത്യേകപദവി ഉയര്‍ത്തി ടി ഡി പി, വൈ എസ് ആര്‍ കോണ്‍ഗ്രസ് അംഗങ്ങളും ഇന്നും പ്രതിഷേധിച്ചു.

ഏതാനും മിനിറ്റുകള്‍ മാത്രമാണ് ഇരു സഭകളും പ്രവര്‍ത്തിച്ചത്. നടപടികള്‍ ബഹളത്തില്‍ മുങ്ങിയതിനാല്‍ ടിഡിപിയും വൈ എസ് ആര്‍ കോണ്‍ഗ്രസും നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസുകള്‍ പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ ആവര്‍ത്തിച്ചു.

ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് ചര്‍ച്ചവേണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ്‌ഗോയല്‍ വ്യക്തമാക്കി. എന്നാല്‍ ബഹളം കാരണം സഭ തടസ്സപ്പെടുകയായിരുന്നു.

ഇനി ഇരുസഭകളും വ്യാഴാഴ്ച രാവിലെ വീണ്ടും ചേരും. കഴിഞ്ഞ അഞ്ചിന് തുടങ്ങിയ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലെ ഒരു ദിവസം പോലും സഭ പ്രവര്‍ത്തിച്ചിട്ടില്ല. അതിനിടെ, നടപടികള്‍ തടസപ്പെടുത്തുന്ന അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി എം.പി മനോജ് തിവാരി സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി