ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു: വീഡിയോ

single-img
21 March 2018

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും കെനിയയും സൊമാലിയയും താന്‍സാനിയയും പിളര്‍ന്ന് മാറുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതിന്റെ സൂചനകള്‍ ഇതിന് മുന്‍പ് തന്നെ ലഭിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ചയോടെയാണ് വലിയ രീതിയിലുള്ള വിള്ളല്‍ രൂപപ്പെട്ടത്.

കെനിയയിലെ പ്രധാന നഗരങ്ങിലൊന്നായ നരോക്കില്‍ ഭൂമിയെ രണ്ടായി പിളര്‍ന്നുകൊണ്ട് വലിയ ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. പിളര്‍പ്പിന്റെ സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും കരുതിയതിലും വേഗത്തിലാണ് പിളര്‍പ്പ് രൂപപ്പെടുന്നതെന്ന് ശാസ്ത്ര ലോകം അഭിപ്രായപ്പെടുന്നു.

ഭൂമി രണ്ടായി പിളര്‍ന്നതോടെ മഹിയുവില്‍ നിന്നും നാരോക്കിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. 50 അടി ആഴത്തിലും 20 മീറ്റര്‍ വീതിയിലുമാണ് ഇവിടെ ഭൂമി പിളര്‍ന്നിരിക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തുകയും ചെയ്തു.

നിലവില്‍ മണ്ണും പാറയും ഇട്ടാണ് വിള്ളല്‍ നികത്തിയിരിക്കുന്നത്. എന്നാല്‍ ഫലകചലനവുമായി ബന്ധപ്പെട്ടുണ്ടായ വിള്ളലായതിനാല്‍ ഇത് ദീര്‍ഘകാലത്തേക്ക് പ്രയോജനപ്പെടില്ല. സൊമാലിയ, എത്യോപ്യ, ജിബുട്ടി തുടങ്ങിയ രാജ്യങ്ങളാണ് കിഴക്കന്‍ ആഫ്രിക്കയില്‍ സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കയില്‍നിന്ന് കിഴക്കന്‍ ഭാഗം പിളര്‍ന്നുമാറുന്നതോടെ ഇരുഭാഗത്തെയും വേര്‍തിരിക്കുന്നത് സമുദ്രമായിരിക്കും.