മുത്തച്ഛന്റെ സ്വപ്‌നം നിറവേറ്റാന്‍ വധുവായി മാറിയ കൊച്ചുമകള്‍; ചിത്രങ്ങള്‍ കാണാം

single-img
17 March 2018

 


ചൈനയിലെ ചെങ്ഡുവില്‍ വ്യവസായിയാണ് 25കാരിയായ ഫു ഷുവെ. കഴിഞ്ഞ ദിവസം ഫു ഷുവെ ഷെയര്‍ ചെയ്ത ഒരു വിവാഹ ചിത്രം വൈറലായി മാറി. ആ ചിത്രത്തിന് ചില പ്രത്യേകതകളുണ്ടായിരുന്നു. വിവാഹ ചിത്രമായിരുന്നിട്ട് കൂടി അതില്‍ വരന്‍ ഉണ്ടായിരുന്നില്ല. രണ്ടേ രണ്ട് പേര്‍ മാത്രമാണ് അതിലുണ്ടായിരുന്നത്. വധുവിന്റെ വേഷമണിഞ്ഞ ഫു ഷുവെയും അവളുടെ 87കാരനായ മുത്തച്ഛനും.

ഉടന്‍ വിവാഹിതയാകാന്‍ ആഗ്രഹമില്ലാത്ത ഫു ഷുവെ ഇങ്ങനെയൊരു വിവാഹ വേഷമണിഞ്ഞതിന് പിന്നില്‍ ഒരു കാരണമുണ്ട്. അവള്‍ അത് ചെയ്തത് മുത്തച്ഛന് വേണ്ടിയായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ മുത്തച്ഛന് രോഗം ബാധിച്ച് ആശുപത്രിയിലായി. എപ്പോള്‍ വേണമെങ്കിലും മരണം സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്തു. മുത്തച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഫു ഷുവെയുടെ വിവാഹം കാണണം എന്നത്. എന്നാല്‍ രോഗം ബാധിച്ച് മരണം കാത്തിരിക്കുന്ന മുത്തച്ഛന് ആ ആഗ്രഹം ബാക്കിയാക്കി പോകേണ്ടി വരുമോ എന്ന സങ്കടം ഫു ഷുവെയെ വേട്ടയാടി. അതോടെയാണ് മുത്തച്ഛന് വേണ്ടി അവള്‍ ഒരു ഫോട്ടോഷൂട്ട് നടത്താന്‍ തീരുമാനിച്ചത്. അവള്‍ ഒരു വധുവിന്റെ വേഷമണിഞ്ഞ് പള്ളിയില്‍ വെച്ചായിരുന്നു ഫോട്ടോഷൂട്ട്. മുത്തച്ഛന് സര്‍പ്രൈസ് ആയിട്ടായിരുന്നു ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്. പതിവ് ചെക്ക്അപ്പിനായി ഹോസ്പിറ്റലിലേക്ക് പോകാമെന്ന് പറഞ്ഞ് അവള്‍ മുത്തച്ഛനെയും കൊണ്ട് പോവുകയായിരുന്നു. ഇടയ്ക്ക് ഒരു ഫോട്ടോഷൂട്ട് നടത്താമെന്ന് മാത്രമാണ് പറഞ്ഞത്

ഫു ഷുവെയ്ക്ക് 10 വയസുള്ളപ്പോള്‍ പിരിഞ്ഞതാണ് അവളുടെ അച്ഛനും അമ്മയും. അതിന് ശേഷം അവളെ നോക്കിയതും വളര്‍ത്തിയതുമെല്ലം മുത്തച്ഛനും മുത്തശ്ശിയുമായിരുന്നു. അങ്ങനെയാണ് അവള്‍ മുത്തച്ഛനുമായി അത്ര അടുത്തത്.

മുത്തച്ഛനോടുള്ള ഫു ഷുവെയുടെ സ്‌നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ് അവളുടെ കൈയില്‍ പച്ചകുത്തിയ മുത്തച്ഛന്റെ ചിത്രം.