AD പതിനാറാം നൂറ്റാണ്ടിലെ രണ്ട് കിലോ ഭാരമുള്ള സ്വര്‍ണ്ണ ഖുര്‍ആന്‍; വില പന്ത്രണ്ട് കോടി: മ്യൂസിയത്തിനു കൈമാറാനൊരുങ്ങി അബുദാബിയില്‍ ജോലി ചെയ്യുന്ന നാദാപുരം സ്വദേശി ഹാരിസ്

single-img
16 March 2018

അബുദാബി: വിശുദ്ധ ഖുര്‍ആന്റെ അമൂല്യ ശേഖരം സ്വന്തമാക്കിയിരിക്കുകയാണ് അബുദാബിയില്‍ ജോലി ചെയ്യുന്ന നാദാപുരം സ്വദേശിയായ ഹാരിസ്. ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ കൈവശം ആയിരുന്ന അഞ്ഞൂറ്റി പതിനേഴ് വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണ ഖുര്‍ആന്‍ ആണ് ഇദ്ദേഹം സ്വന്തമാക്കിയത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൂര്‍ണ്ണമായും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിതമായ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടാണ് അബുദാബിയില്‍ നാദാപുരം സ്വദേശിയായ ഹാരിസ് തായബാത്തും കുടുംബവും വൈകുന്നേരങ്ങളില്‍ പ്രാര്‍ഥിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് മലേഷ്യയില്‍ നിന്നും ഭാര്യാ സഹോദരനാണ് ഈ സ്വര്‍ണ ഖുര്‍ആന്‍ ഹാരിസിന് സമ്മാനിച്ചത്.

AD പതിനാറാം നൂറ്റാണ്ടിലെ രണ്ട് കിലോ ഭാരമുള്ള ഈ ഖുര്‍ആന് ഏകദേശം അമ്പതു ലക്ഷം യു.എ.ഇ ദിര്‍ഹം അതായത് പന്ത്രണ്ട് കോടിയില്‍ ഏറെ രൂപയാണ് മതിപ്പുവില. പതിനേഴര സെന്റീമീറ്റര്‍ വീതിയും, ഇരുപത്തി നാല് സെന്റീമീറ്റര്‍ നീളവുമുള്ള ഖുര്‍ആന്‍ ചൈനയില്‍ നിര്‍മ്മിച്ചതാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

സ്വര്‍ണ ഖുര്‍ആന്റെ ഏഴാമത് ഉടമസ്ഥനാണ് ഹാരിസ്. ഈ വിശുദ്ധ ഖുര്‍ആന്റെ മഹത്വം എല്ലാവരിലേക്കും എത്തിക്കണമെന്നും അതുകൊണ്ടുതന്നെ ഏതെങ്കിലും മ്യൂസിയത്തിനു കൈമാറുകയാണ് ലക്ഷ്യമെന്നും ഹാരിസ് പറഞ്ഞു. ഇതിലൂടെ ലഭിക്കുന്ന തുക പൂര്‍ണ്ണമായും ജീവകാരുണ്യങ്ങള്‍ക്കായി ചെലവിടാനാണ് തീരുമാനം. ഇതിനായി അറബ് രാജ കുടുംബങ്ങളുടെയോ, പുരാവസ്തു ഗവേഷകകേന്ദ്രങ്ങളുടെയോ ശ്രദ്ധയില്‍പെടുത്താന്‍ ഒരുങ്ങുകയാണ് ഹാരിസ്.