ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ച് കോടതിയില്‍ എത്തുമോ?: വിചാരണ ഇന്നു തുടങ്ങും

single-img
14 March 2018

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണാ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് തുടങ്ങും. എട്ടാം പ്രതിയായ ദിലീപടക്കം മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ട് ഹാജരാകുമോ അതോ അവധിക്ക് അപേക്ഷ നല്‍കുമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ അറിയിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ പ്രാരംഭവാദത്തിനും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനും തീയതി നിശ്ചയിക്കുക എന്ന നടപടിക്രമമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഉണ്ടാകുക. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം ആറുപ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്.

ഇവരെ പൊലീസ് കോടതിയില്‍ ഹാജരാക്കും. എട്ടാം പ്രതിയായ ദിലീപടക്കം അഞ്ചു പ്രതികള്‍ ജാമ്യത്തിലാണ്. രണ്ടു പേര്‍ മാപ്പുസാക്ഷികളായിരുന്നു. ജാമ്യത്തിലുള്ള പ്രതികള്‍ക്ക് നേരിട്ട് ഹാജരാകാനാണ് സമന്‍സ് എങ്കിലും അഭിഭാഷകന്‍ മുഖേന അവധിക്ക് അപേക്ഷ നല്‍കാം.

ദിലീപ് ഹാജരാകുന്നകാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ദിലീപ് ഹാജരാകുന്നതിനോടൊപ്പം പള്‍സുനിയുമായി മുഖാമുഖം കോടതിയില്‍ കാണുമോ എന്നതാണ് പ്രധാനം. കേസില്‍ ദിലീപിനെ പ്രതിചേര്‍ത്ത ശേഷം ഇരുവരും ഒരുമിച്ചു കാണുന്ന സാഹചര്യമുണ്ടായിട്ടില്ല.

കേസില്‍ അറസ്റ്റിലായപ്പോള്‍ തന്നെ പള്‍സര്‍ സുനിക്കൊപ്പം ഒരേ ജയിലില്‍ പാര്‍പ്പിക്കരുതെന്ന് ദിലീപ് കോടതിയോട് അപേക്ഷിക്കുകയും കോടതി ഇത് അനുവദിക്കുകയും ചെയ്തിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങടക്കം ചില തെളിവുകള്‍ ലഭിച്ചില്ലെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. തെളിവുകള്‍ കിട്ടുംവരെ വിചാരണ മാറ്റിവയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി നിരസിക്കുകയും ചെയ്തിരുന്നു.