സ്വന്തം നാട്ടിലെ തെരുവില്‍ ഭക്ഷണം കഴിക്കുന്ന അതേ അനുഭവം: വ്യത്യസ്ത രുചി വൈവിധ്യങ്ങളുമായി അബുദാബിയില്‍ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവല്‍

single-img
13 March 2018

അബുദാബി: ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങളുടെ വ്യത്യസ്ത രുചി വൈവിധ്യങ്ങളുമായി അബുദാബിയില്‍ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവല്‍. അബുദാബി വേള്‍ഡ് ട്രേഡ് സെന്ററില്‍ ഏപ്രില്‍ പതിനാല് വരെയാണ് മേള നടക്കുന്നത്. വ്യത്യസ്തമായ തെരുവ് ഭക്ഷണങ്ങള്‍ക്കായി ഒരു പാതതന്നെ ഒരുക്കിയിരിക്കുകയാണ് ഇവിടെ.

ഇന്ത്യ, അറബിക്, ചൈനീസ്, ലബനീസ് അങ്ങനെ ഓരോ രാജ്യങ്ങളുടെയും തനത് ഭക്ഷണങ്ങള്‍ ആണ് ഒരുക്കിയിട്ടുള്ളത്. ഓരോ രാജ്യങ്ങളുടെയും സ്റ്റാളുകളില്‍ സാംസ്‌കാരിക ചുവര്‍ ചിത്രങ്ങളും പതിച്ചിട്ടുണ്ട്. ഇന്ത്യയുടെ പൈതൃക കാഴ്ചകളായ താജ്മഹല്‍, പരമ്പരാഗത നൃത്തരൂപങ്ങള്‍ എന്നിവയെല്ലാം വലിയ കാന്‍വാസില്‍ ഒരുക്കിയ പശ്ചാത്തലത്തിലാണ് പാചകം നടക്കുന്നത്.

ഭക്ഷണ, പാനീയ നിര്‍മ്മാണ രംഗങ്ങളിലെ നൂതന ആശയങ്ങളും, ബേക്കിംഗ്, സ്റ്റീമിംഗ്, റോസ്റ്റിംഗ് തുടങ്ങി വ്യത്യസ്ത ഇനം പാചകരീതികളുടെ തത്സമയ അവതരണവുമെല്ലാം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. പരമ്പരാഗത വസ്ത്രമണിഞ്ഞ ജീവനക്കാര്‍ നിറങ്ങളും കൊത്തുപണികളും കൊണ്ട് അലങ്കരിച്ച ഉന്തുവണ്ടിയിലാണ് വിഭവങ്ങള്‍ ഒരുക്കുന്നത്.

ഓരോ രാജ്യത്തെയും ഒരു തെരുവില്‍ ഭക്ഷണം കഴിക്കുന്ന അനുഭവം തന്നെയാണ് ഇവിടെയെത്തുന്നവര്‍ക്ക് ലഭിക്കുക. ഏപ്രില്‍ 14 വരെ തുടരുന്ന ഫെസ്റ്റിവല്‍ വൈകീട്ട് അഞ്ചുമുതല്‍ രാത്രി 11 വരെയാണ് നടക്കുന്നത്.