പരിഹസിച്ചവര്‍ക്ക് പൊലീസുകാരന്റെ മറുപടി; ഒരു ട്വീറ്റ് മാറ്റിമറിച്ച ജീവിതം

single-img
13 March 2018

 

മധ്യപ്രദേശുകാരനായ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദൗലത് റാം ജോഗത്തിനെ ഓര്‍മ്മയുണ്ടോ? അമിതവണ്ണം മൂലം മര്യാദയ്‌ക്കൊന്നു നടക്കാന്‍ പോലും കഴിയാതിരുന്ന ജോഗത്തിനെ പരിഹസിച്ച് എഴുത്തുകാരി ശോഭാ ഡെ ഒരിക്കല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് വൈറലാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് ഞെട്ടിക്കുന്ന രൂപമാറ്റമാണ് സംഭവിച്ചിരിക്കുന്നത്.

2017, ഫെബ്രുവരിയിലാണ് പൊലീസുകാരുടെയിടയിലെ അമിതവണ്ണത്തെ പരിഹസിച്ച് ശോഭ ട്വീറ്റ് ചെയ്തത്. ട്വീറ്റിനൊപ്പം ദൗലത്തിന്റെ ചിത്രവും ഉണ്ടായിരുന്നു. പൊണ്ണത്തടിയനായ പൊലീസുകാരന്റെ ചിത്രം വൈറലാവുകയും ചെയ്തു. ഇത് ദൗലത്തിന് വലിയ വേദനയുണ്ടാക്കി.

അതോടെ അദ്ദേഹം ഒരു തീരുമാനമെടുത്തു. തടി കുറയ്ക്കുക. അതിനായി അദ്ദേഹം ആദ്യം ചെയ്തത് മുംബൈയിലുള്ള ബെരിയാട്രിക്ക് സര്‍ജന്‍ ഡോ. മുഹമ്മദ് ലക്ഡാവാലയെ കാണുകയായിരുന്നു. എങ്ങനെയെങ്കിലും തനിക്ക് തടികുറയ്ക്കണമെന്നു പറഞ്ഞു.

ദൗലത്തിന്റെ ദയനീയസ്ഥിതി മനസിലാക്കിയ ഡോക്ടര്‍ സൗജന്യമായി തടികുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയോടൊപ്പം കൃത്യമായ വ്യായാമവും ഭക്ഷണരീതികളുമായതോടെ ഒരുവര്‍ഷം കൊണ്ട് ദൗലത്തിന് 65 കിലോ കുറഞ്ഞു. 180 കിലോയില്‍ നിന്നും 115 കിലോയായി ശരീരഭാരം കുറഞ്ഞു.

ട്വീറ്റിന്റെ പേരില്‍ ശോഭാഡെയോട് ആദ്യം ദേഷ്യം തോന്നിയെങ്കില്‍ ഇപ്പോള്‍ താന്‍ ഏറ്റവും അധികം നന്ദി പറയുന്നത് അവരോടാണെന്ന് ദൗലത്ത് പറയുന്നു. എന്നെങ്കിലും ശോഭാഡെയെ നേരിട്ട് കാണണമെന്ന ആഗ്രഹവും ദൗലത്ത് പങ്കുവെയ്ക്കുന്നു.

ആരോഗ്യപൂര്‍ണ്ണമായ ശരീരത്തിന്റെ ആവശ്യകത ബോധ്യമായത് ഇപ്പോഴാണെന്നും അദ്ദേഹം പറയുന്നു. ശ്വാസം മുട്ടില്ലാതെ ഒരടി പോലു തനിക്ക് നടക്കാന്‍ സാധിക്കില്ലായിരുന്നു. ചികിത്സവേണ്ട അസുഖം തന്നെയാണ് പൊണ്ണത്തടിയെന്നും ദൗലത്ത് പറയുന്നു.