കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം: മഴയ്ക്കും കാറ്റിനും സാധ്യത

single-img
12 March 2018

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് പടിഞ്ഞാറുഭാഗത്തായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു. വരുംദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പുനല്‍കി.

അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദം വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. ബുധനാഴ്ചവരെ തെക്കന്‍ മുനമ്പില്‍ കനത്ത കാറ്റിന് സാധ്യതയുണ്ട്. കടലില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാം. ഇന്ന് തെക്കന്‍ കേരളത്തിലും തമിഴ്‌നാടിന്റെ തെക്കന്‍ മേഖലയിലും ഒറ്റപ്പെട്ട മഴയുണ്ടായേക്കും.

നാളെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന മഴ ബുധനാഴ്ചയോടെ ലക്ഷദ്വീപ് മേഖലയിലും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോടുവരെയുള്ള തീരപ്രദേശത്ത് 3.2 മീറ്റര്‍വരെ ഉയരത്തില്‍ തിരയ്ക്ക് സാധ്യതയുള്ളതായി ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) മുന്നറിയിപ്പ് നല്‍കി.

ഓഖിക്ക് ശേഷം ഏറ്റവും ജാഗ്രത പുലര്‍ത്തേണ്ട ദിവസങ്ങളെന്നാണ് ഇനിയുള്ള മൂന്ന് ദിവസത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളും വിലയിരുത്തുന്നത്. കന്യാകുമാരിക്ക് തെക്ക് രൂപപ്പെട്ട ന്യൂനമര്‍ദം രണ്ട് ദിവസത്തിനുള്ളില്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം.