മുംബൈയെ നോവിക്കാതെ പാതിരാത്രിയിലും നടന്ന് കര്‍ഷകര്‍; നിയമസഭ റാലി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ഫലം അറിഞ്ഞതിന് ശേഷം

single-img
12 March 2018

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് മുംബൈയിലെ ദാദര്‍ ഫ്ലൈഓവറില്‍ മാര്‍ച്ചിനിടയില്‍ വിശ്രമിക്കുന്ന കര്‍ഷകര്‍ ചിത്രം: മുംബൈ മിറര്‍

മുംബൈ: ചോരപൊടിഞ്ഞ കാലുകളിലെ നൊമ്പരമൊന്നും അവര്‍ക്ക് പ്രശ്നമല്ല, എന്നാല്‍, തങ്ങള്‍ കാരണം മറ്റാര്‍ക്കും അസൗകര്യങ്ങള്‍ ഉണ്ടാകരുതെന്ന് മണ്ണില്‍ പൊന്നു വിളയിക്കുന്ന ആ കര്‍ഷകര്‍ക്ക് നിര്‍ബന്ധമായിരുന്നു. മുംബൈ മഹാനഗരത്തെ ലക്ഷ്യമായി കിലോമീറ്ററുകള്‍ താണ്ടിയെത്തിയ അരലക്ഷത്തോളം വരുന്ന കര്‍ഷകര്‍ അതുകൊണ്ടു തന്നെ കഴിഞ്ഞ രാത്രി മുഴുവന്‍ ഉറക്കമില്ലാതെ നടന്നു. നേരം പുലരുമ്പോള്‍ ബോര്‍ഡ് പരീക്ഷക്കായി വീടുകളില്‍ നിന്നിറങ്ങുന്ന വിദ്യാര്‍ഥികളും ജീവിതം കരുപ്പിടിപ്പിക്കാന്‍ നിര്‍ത്താതെ ഓടുന്ന മുംബൈക്കാരെയും ബുദ്ധിമുട്ടിക്കരുത് എന്നത് മാത്രമായിരുന്നു അവര്‍ ആഗ്രഹിച്ചത്.

ഒത്തുകൂടുന്ന ആസാദ് മൈതാനില്‍ നേരം പുലരുന്നതിന് മുമ്പ് എത്തിച്ചേര്‍ന്ന കര്‍ഷകര്‍ അഞ്ച് മണിക്കൂറാണ് രാത്രിയില്‍ ഉറക്കമില്ലാതെ തുടര്‍ച്ചയായി നടന്നത്. നാസിക്കില്‍ നിന്ന് 180 കിലോമീറ്ററോളം കാല്‍നടയായി എത്തിയ കര്‍ഷകര്‍ ഞായറാഴ്ചയാണ് മുംബൈ നഗരത്തില്‍ പ്രവേശിച്ചത്. നിമിഷംപ്രതി അംഗസംഖ്യ ഉയരുമ്പോഴും മുംബൈയിലെ ഗതാഗതത്തിന് ഒരു തടസവും അവര്‍ സൃഷ്ടിച്ചില്ല.

ആസാദ് മൈതാനില്‍ എത്തിച്ചേര്‍ന്ന ഒരു കര്‍ഷകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്, ‘‘സ്കൂളില്‍ പോകാന്‍ എനിക്ക് അവസരം ലഭിച്ചില്ല അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിന്‍െറ വിലയറിയാവുന്ന ഞങ്ങള്‍ പരീക്ഷക്കായി പോകുന്ന കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല’’ എന്നാണ്. സിയോനിലെ കെ.ജെ സോമയ്യ ഗ്രൗണ്ടില്‍ തങ്ങിയ കര്‍ഷകര്‍ പാതിരാത്രി കഴിഞ്ഞാണ് 15 കിലോ മീറ്റര്‍ അകലെയുള്ള ആസാദ് മൈതാനിലേക്ക് പോയത്.

ഇന്ന് രാവിലെ കര്‍ഷകര്‍ നിയമസഭ ഘരാവോ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. കര്‍ഷകരുടെ പ്രതിനിധികള്‍ 11.30ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി നടത്തുന്ന കൂടിക്കാഴ്ച കഴിയുന്നത് വരെ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുന്നത് മാറ്റിവച്ചിരിക്കുകയാണ്.

കനത്ത സുരക്ഷയാണ് നിയമസഭക്ക് ചുറ്റും ഒരുക്കിയിരിക്കുന്നത്. വായ്പ എഴുതിതള്ളുക, ഗോത്രവിഭാഗക്കാരായ കര്‍ഷകര്‍ക്ക് ഭൂമി നല്‍കുക തുടങ്ങിയവയാണ് ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തുന്ന കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍.