രാഹുല്‍ ഈശ്വര്‍ പൊലീസ് ചാരന്‍; വെളിപ്പെടുത്തലുമായി ഹാദിയ

single-img
12 March 2018

മതപരിവര്‍ത്തനവും വിവാഹവുമായി ബന്ധപ്പെട്ടു തന്റെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഇനി ഒരു വിവാദം ഉണ്ടാകരുതെന്നും ഹാദിയ. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഹാദിയ ഇക്കാര്യം പറഞ്ഞത്. സച്ചിദാനന്ദന്‍, ഗോപാല്‍ മേനോന്‍, വര്‍ഷ ബഷീര്‍ തുടങ്ങിയവര്‍ തനിക്ക് വേണ്ടി നിലകൊണ്ടതായി വൈകിയാണ് മനസിലാക്കിയത്.

രാഹുല്‍ ഈശ്വറിന് എതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. അദ്ദേഹം പൊലീസ് പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. താന്‍ കാണാന്‍ ആഗ്രഹിക്കാത്തവരെ കാണാന്‍ അനുവദിച്ചുവെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു. സനാതന ധര്‍മം പഠിപ്പിക്കാന്‍ എത്തിയവര്‍ക്ക് മുന്നില്‍ പോലീസ് തൊഴുകൈകളോടെ നിന്നുവെന്നും അവര്‍ ആരോപിച്ചു.

ആരോടും പിണക്കമില്ല. തന്റെ മാതാപിതാക്കളെ ദേശവിരുദ്ധ ശക്തികള്‍ ഉപയോഗിക്കുകയാണ്. അവരുടെ രാഷ്ട്രീയ നിലപാടു വിജയിപ്പിക്കാന്‍ വേണ്ടി മാതാപിതാക്കളെ ഉപയോഗിക്കുകയാണ്. തന്റെ സത്യവാങ്മൂലത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്.

മാതാവ് വിഷം നല്‍കി എന്നതടക്കം പുറത്തു പറയേണ്ടി വന്ന പല കാര്യങ്ങളിലും താന്‍ മാതാപിതാക്കളോടു മാപ്പു ചോദിക്കുകയാണെന്നും ഹാദിയ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ് സുപ്രീംകോടതി നല്‍കിയത്.

ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് വര്‍ഷമാണ് നഷ്ടമായത്. വിവാഹം കഴിക്കാനല്ല മതം മാറിയത്. ഇനിയാര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് എല്ലാം തുറന്ന് പറയുന്നതെന്നും ഹാദിയ വ്യക്തമാക്കി.