വെസ്റ്റ് ബ്ലോക് ബ്ലൂസും രാജ്യവും സാക്ഷി, സുനില്‍ ഛേത്രിയുടെ ചിറകിലേറി ബംഗളൂരു എഫ്.സി ഐ.എസ്.എല്‍ ഫൈനലില്‍

single-img
11 March 2018


ബംഗളൂരു: ശ്രീകണ്ഡീരവ സ്റ്റേഡിയത്തിലെ ഓരോ പുല്‍നാമ്പിനെയും കോരിത്തരിപ്പിച്ച ഹാട്രിക് പ്രകടനവുമായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ജ്വലിച്ചുയര്‍ന്ന സെമിഫൈനല്‍ രണ്ടാം പാദത്തില്‍ ജയവുമായി ബംഗളൂരു എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണില്‍ ഫൈനലിലേക്ക് കുതിച്ചു. എഫ്.സി പുണെ സിറ്റിക്കെതിരെ 3-1ന്‍െറ തകര്‍പ്പന്‍ ജയവുമായാണ് ബംഗളൂരു മുന്നേറിയത്.

പുണെയുടെ തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ ഗോള്‍രഹിത സമനില ആയിരുന്നു ഫലം. ഓരോ നിമിഷവും ഉശിരന്‍ പിന്തുണയുമായി കൂടെ നിന്ന വെസ്റ്റ് ബ്ലോക് ബ്ലൂസ് എന്ന ആരാധകക്കൂട്ടത്തിന് അഭിമാന നിമിഷങ്ങളാണ് സുനില്‍ ഛേത്രിയും കൂട്ടരും മൈതാനത്ത് ഒരുക്കിയത്. 15ാം മിനിറ്റ് മുതല്‍ ഗോള്‍ വേട്ട തുടങ്ങിയ ഛേത്രി മത്സരത്തിന്‍െറ രണ്ടാം പകുതിയുടെ 65ാം മിനിറ്റിലും 89ാം മിനിറ്റിലും വലകുലുക്കി അവിസ്മരണീയ ആഘോഷമാണ് ഗാലറികള്‍ക്ക് സമ്മാനിച്ചത്. 82ാം മിനിറ്റില്‍ ജോനാഥന്‍ ലൂകയിലൂടെയാണ് പുണെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച നടക്കുന്ന ചെന്നൈയിന്‍ എഫ്.സി-ഗോവ എഫ്.സി രണ്ടാം സെമി അവസാന പാദ മത്സരത്തിലെ വിജയി ആയിരിക്കും ഫൈനലില്‍ ബംഗളൂരുവിന്‍െറ എതിരാളി. ആദ്യ പാദത്തില്‍ 1-1 ന് സമനിലയായിരുന്നു ചെന്നൈയിന്‍-ഗോവ മത്സരം. ഫൈനലില്‍ സ്വന്തം മണ്ണില്‍ തന്നെ പന്തു തട്ടാം എന്ന അമൂല്യ അവസരമാണ് ബംഗളൂരുവിനെ കാത്തിരിക്കുന്നത്.

ഐ ലീഗില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് മാറിയ ആദ്യ സീസണില്‍ തന്നെ സമാനതകളില്ലാത്ത നേട്ടമാണ് ബംഗളൂരു എഫ്.സി സ്വന്തമാക്കിയത്. ലീഗ് ഘട്ടത്തില്‍ 18 മത്സരങ്ങളില്‍ നിന്ന് 40 പോയന്‍റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് നീലപ്പട സെമിയിലേക്ക് കുതിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇന്നത്തെ പ്രകടനത്തോടെ സീസണിലെ രണ്ടാം ഹാട്രിക് കുറിച്ചതിനൊപ്പം ആകെ ഗോള്‍ നേട്ടം 13 ആക്കി ഉയര്‍ത്തുകയും ചെയ്തു.