‘‘ഞാനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ നോട്ട് നിരോധനത്തിനുള്ള ഫയല്‍ ചവറ്റുകൊട്ടയിലായിരുന്നേനെ’’

single-img
10 March 2018


ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശുപാര്‍ശ ചെയ്യുന്ന ഫയല്‍ രാഹുല്‍ ഗാന്ധിയ്ക്ക് മുന്നിലാണ് എത്തിയിരുന്നതെങ്കില്‍ എങ്ങനെ വ്യത്യസ്തമായി കൈകാര്യം ചെയ്യുമായിരുന്നു? മലേഷ്യയിലെ ഇന്ത്യന്‍ സമൂഹക്കൂട്ടായ്മയില്‍ നിന്ന് കേട്ട ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്‍റിന്‍െറ കയ്യില്‍. ‘‘ഞാന്‍ ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍, നോട്ട് നിരോധനം എന്ന ശുപാര്‍ശ എഴുതിയ ഫയല്‍ ആരെങ്കിലും എനിക്ക് നല്‍കിയിരുന്നെങ്കില്‍, അത് ഞാന്‍ ചവറ്റുകൊട്ടയില്‍ എറിയുമായിരുന്നു. അവിടെ നിന്ന് വാതിലിലൂടെ പുറത്ത് ചവറുകൂനയിലേക്കും. കാരണം നോട്ട് നിരോധനം എന്ന ആശയത്തെ അങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത് എന്ന് ഞാന്‍ കരുതുന്നു.’’-രാഹുല്‍ ഗാന്ധി മറുപടി നല്‍കി.

നോട്ട് നിരോധത്തിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന്‍െറയും തന്‍െറയും നിലപാട് വീണ്ടും വ്യക്തമാക്കുന്നതാണ് രാഹുലിന്‍െറ ഉത്തരം. നോട്ട് നിരോധനത്തിലൂടെയും ന്യൂനതയുള്ള ജി.എസ്.ടി നടപ്പാക്കലിലൂടെയും ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുരടിപ്പിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തിന്‍െറ ഭാഗമായിട്ടാണ് രാഹുല്‍ ഗാന്ധി മലേഷ്യയിലെത്തിയത്. അഞ്ചു ദിവസം നീളുന്ന സന്ദര്‍ശനം സിംഗപൂരില്‍ നിന്നാണ് ആരംഭിച്ചത്. ഇന്ന് മലേഷ്യയിലെത്തിയ അദ്ദേഹം ക്വാലാലംപൂരില്‍ ഇന്ത്യന്‍ സമൂഹവുമായി സംവാദം നടത്തി.