സ്വത്ത് കണ്ടുകെട്ടാന്‍ പോയവര്‍ വെറുംകൈയോടെ മടങ്ങി; പ്രവീണ്‍ തൊഗാഡിയ പാപ്പരെന്ന് പോലീസ്

single-img
10 March 2018


കാഞ്ഞങ്ങാട്: വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയുടെ സ്വത്ത് കണ്ടു കെട്ടാന്‍ പോയ ഹോസ്ദുര്‍ഗ് പോലീസ് വെറും കൈയോടെ മടങ്ങി. ഇതേതുടര്‍ന്ന് തൊഗാഡിയ പാപ്പരാണെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തു.

കാഞ്ഞങ്ങാട്ട് പൊതുവേദിയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്വത്ത് കണ്ടുകെട്ടാന്‍ ഗുജറാത്തില്‍ തൊഗാഡിയ താമസിക്കുന്ന ബംഗ്ലാവില്‍ കേരള പോലീസ് എത്തി. ഗുജറാത്ത് പോലീസിന്‍െറ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പക്ഷേ നിരാശ ആയിരുന്നു ഫലം.

സോളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബംഗ്ലാവ് മകന്‍ ആകാശ് തൊഗാഡിയയുടെ പേരില്‍ ആണെന്നും തൊഗാഡിയക്ക് സ്വന്തമായി സ്വത്തൊന്നും ഇല്ലെന്നാണ് കണ്ടെത്തിയത്. ഗുജറാത്ത് പോലീസിന്‍െറ റിപ്പോര്‍ട്ട് പ്രകാരം പ്രവീണ്‍ തൊഗാഡിയ നിലവില്‍ ഒളിവിലാണ്.

എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ വച്ച് വാഹനാപകടമുണ്ടായതിനെ കുറിച്ച് തൊഗാഡിയ ഫെയ്സ്ബുക്കില്‍ വിശദമായി കുറിച്ചിരുന്നു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള തൊഗാഡിയക്ക് പോലീസ് ഉള്‍പ്പെടെ സുരക്ഷ നല്‍കുന്നിടത്താണ് ഒളിവിലാണ് എന്ന റിപ്പോര്‍ട്ടും നിലനില്‍ക്കുന്നത്.

2011 ഏപ്രില്‍ 30 ന് കാഞ്ഞങ്ങാട് വച്ച് നടത്തിയ പ്രസംഗത്തിന്‍െറ കേസിലാണ് ഹോസ്ദുര്‍ഗ് പോലീസ് തൊഗാഡിയയെ അന്വേഷിക്കുന്നത്.