‘‘ടി.പി ചന്ദ്രശേഖരന്‍ സി.പി.എം വിരുദ്ധനായിരുന്നില്ല, പാര്‍ട്ടി നശിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല’’

single-img
10 March 2018


കണ്ണൂര്‍: ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്‍ സി.പി.എം വിരുദ്ധനായിരുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം നശിച്ചുകാണണമെന്ന ആഗ്രഹവും ടി.പിയ്ക്ക് ഇല്ലായിരുന്നെന്ന് പറഞ്ഞ കോടിയേരി, പ്രശ്നങ്ങള്‍ കഴിയുമ്പോള്‍ പാര്‍ട്ടിയോട് അടുക്കണമെന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും എതിരായിരുന്നു ടി.പി ചന്ദ്രശേഖരന്‍ എന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. സി.പി.എം-ആര്‍.എം.പി സംഘര്‍ഷം നടക്കുന്നതിന്‍െറ പേരില്‍ പാര്‍ട്ടി വിരുദ്ധ പ്രചാരണങ്ങള്‍ പരക്കുന്ന പശ്ചാത്തലത്തില്‍ ഓര്‍ക്കാട്ടേരിയില്‍ സി.പി.എം സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. സി.പി.എം വിരോധം എന്ന ആശയം മാത്രമാണ് ആര്‍.എം.പിക്കുള്ളതെന്നും കോടിയേരി കുറ്റപ്പെടുത്തി.

നിലവിലെ ആര്‍.എം.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടിയേരി നടത്തിയത്. കെ.കെ. രമയുടെ പാര്‍ട്ടി ആയി മാത്രം ആര്‍.എം.പി മാറുമെന്നും സ്വന്തം തടിതപ്പുന്ന നേതാക്കള്‍ക്ക് കീഴിലാണ് അണികള്‍ എന്ന് ചിന്തിക്കണമെന്നും പറഞ്ഞു. ‘‘ആര്‍.എം.പി കാലഹരണപ്പെട്ടു.ഇത് മനസിലാക്കി നൂറുകണക്കിന്പേര്‍ തിരിച്ചുവരുന്നു. എല്ലാവരെയും സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്യുന്നു. ’’-കോടിയേരി പറഞ്ഞു.