ഇന്‍സ്റ്റഗ്രാമില്‍ താരമാകാന്‍ പുറപ്പെട്ട യുവതി ഒടുവില്‍ കടക്കാരിയായി മാറി

single-img
9 March 2018

സോഷ്യല്‍മീഡിയ താരങ്ങളാക്കിയവരുടെ കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാല്‍ സോഷ്യല്‍ മീഡിയ കാരണം കുത്തുപാളയെടുത്തവരെ അധികമറിയില്ല. ന്യൂയോര്‍ക്കുകാരിയായ ലിസെറ്റ് കാല്‍വെറോ അതിനൊരു ഉദാഹരണമാണ്. ഇന്‍സ്റ്റഗ്രാമില്‍ താരമാകുവാന്‍ ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു കാല്‍വെറോ.

പക്ഷെ താരമാകുന്നതിന് പകരം കടക്കാരിയായി മാറി. 2016ല്‍ കാല്‍വെറോ നടത്തിയ യാത്രകളില്‍ ഭൂരിഭാഗവും ഇന്‍സ്റ്റാഗ്രാമിന് വേണ്ടി മാത്രമുള്ളതായിരുന്നു. അത് മാത്രമല്ല ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ മനോഹരമാക്കുവാന്‍ വിലകൂടിയ ബ്രാന്റഡ് വസ്ത്രങ്ങളും സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളും വാങ്ങുകയും ചെയ്തു.

ഓരോ ഷോപ്പിങ്ങിനും ചെലവു വരുന്നത് 200 ഡോളറിലധികം. മാസത്തിലൊരിക്കല്‍ ഡിസൈനര്‍ ബാഗുകള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കുമായി 1000 ഡോളറിലധികം വേറെയും ചെലവാക്കി. ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ക്ക് വേണ്ടി പുറത്തു നിന്നാണ് അവര്‍ സ്ഥിരം ഭക്ഷണം കഴിക്കുക.

അതും ആഢംബര ഹോട്ടലുകളില്‍ നിന്ന്. നഗരത്തിലെ മനോഹരമായ ഇടങ്ങളിലാണ് അവര്‍ സമയം ചിലവഴിക്കുക. കൈയിലെ പണം തീര്‍ന്നപ്പോള്‍ കടം വാങ്ങിയും യാത്രകള്‍ തുടര്‍ന്നു. എല്ലാറ്റിനുമൊടുവില്‍ തിരിച്ചറിവുണ്ടായപ്പോള്‍ കൂട്ടിന് കുറേ കടങ്ങള്‍ മാത്രം. പഴയ ജീവിതത്തെ കുറിച്ചുള്ള ബോധ്യം ഇന്ന് കാല്‍വേറൊയ്ക്കുണ്ട്.

തന്റെ സോഷ്യല്‍ മീഡിയ ദുരന്തത്തെക്കുറിച്ച് ഒരു ടെക് മാധ്യമത്തോട് പങ്കുവെക്കുകയായിരുന്നു കാല്‍വെറോ. ഇപ്പോള്‍ കാല്‍വെറോ ആ കടബാധ്യയെല്ലാം മറികടന്നു. എന്തായാലും ജീവിതം പഠിപ്പിച്ച പാഠം ഉള്‍ക്കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അകലം പാലിച്ചിരിക്കുകയാണ് കാല്‍വെറോ.