ചെങ്ങന്നൂരില്‍ ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി

single-img
9 March 2018


ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ഹൈക്കമാര്‍ഡിന്‍െറ അനുമതിയോടെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകും. മുമ്പ് അഭിഭാഷകനായിരുന്ന വിജയകുമാറിന് പ്രദേശത്തുള്ള ജനസമ്മതിയാണ് പരിഗണനക്ക് കാരണമായത്.

കെ.പി.സി.സി അംഗമായ വിജയകുമാറിനൊപ്പം അദ്ദേഹത്തിന്‍െറ മകള്‍ ജ്യോതി വിജയകുമാറിന്‍െറ പേരും സ്ഥാനാര്‍ഥി നിര്‍ണയ വേളയില്‍ ഉയര്‍ന്നിരുന്നു. മുന്‍ എം.എല്‍.എ എം. മുരളി മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് രണ്ട് പേരിലേക്ക് ചുരുങ്ങിയത്.

65കാരനായ വിജയകുമാര്‍ നിലവില്‍ ചെങ്ങന്നൂര്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്‍റാണ്. കൂടാതെ അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷന്‍ എന്ന സ്ഥാനവും വഹിക്കുന്നു. ചങ്ങനാശേരി എന്‍.എസ്.എസ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം കെ.എസ്.യു കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്‍റായാണ് പൊതുരംഗത്തെത്തിയത്.

ജബല്‍പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരവും എല്‍.എല്‍.ബിയും നേടി. യൂത്ത് കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ ബ്ലോക്ക് സെക്രട്ടറി, ജില്ല സെക്രട്ടറി, 1979 മുതല്‍ 1992 വരെ ഡി.സി.സി സെക്രട്ടറി പദവികള്‍ വഹിച്ചു.