കര്‍ണാടക ലോകായുക്ത ജസ്റ്റിസ് വി. ഷെട്ടിക്ക് ഓഫീസില്‍ വച്ച് കുത്തേറ്റു; അക്രമി പിടിയില്‍

single-img
7 March 2018


ബംഗളൂരു: കര്‍ണാടക ലോകായുക്ത അധ്യക്ഷന്‍ പി. വിശ്വനാഥ ഷെട്ടിയെ ഓഫീസില്‍ വച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു. മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജസ്റ്റിസ് ഷെട്ടി അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. ലോകായുക്തയില്‍ പരാതിയുമായി എത്തിയ തേജസ് ശര്‍മ എന്നയാളാണ് അക്രമം നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു.

ലോകായുക്തയുടെ ഓഫീസില്‍ എത്തിയ തേജസ് ശര്‍മ, ഒരു ജോലിക്കായി ടെണ്ടര്‍ ലഭിക്കുന്നില്ല എന്ന് കാട്ടി താന്‍ നല്‍കിയ കേസ് അന്വേഷണത്തിന് ശേഷം അവസാനിപ്പിച്ചതായി അറിഞ്ഞു. തുടര്‍ന്ന് ചേംബറില്‍ എത്തി ജസ്റ്റിസ് ഷെട്ടിയെ മൂന്ന്-നാല് തവണ കുത്തുകയായിരുന്നു.

വയറ്റില്‍ ഗുരുതരമായി മുറിവേറ്റ ഷെട്ടി അപകടനില തരണം ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. വലിയ കത്തി ഉപയോഗിച്ച് കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് അക്രമി കുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഗണ്‍മാന്‍ ചേംബറിന് പുറത്ത് കാവല്‍ നില്‍ക്കവേയാണ് ലോകായുക്തക്ക് കുത്തേറ്റത്. സംഭവത്തെ തുടര്‍ന്ന് ലോകയുക്ത ഓഫീസ് നിയന്ത്രണം പോലീസ് ഏറ്റെടുത്തു.