സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടാന്‍ സാധ്യത

single-img
7 March 2018


ന്യൂഡല്‍ഹി: ആധാര്‍ വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കാന്‍ മാര്‍ച്ച് 31 വരെ നല്‍കിയിരിക്കുന്ന സമയ പരിധി നീട്ടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സൂചന നല്‍കി. ആധാറിന്‍െറ ഭരണഘടന സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയവര്‍ സമയ പരിധി നീട്ടണമെന്ന ആവശ്യമുന്നയിച്ചതിനെ തുടര്‍ന്ന്, അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആണ് ഇതിനുള്ള സാധ്യത സൂചിപ്പിച്ചത്. സമയപരിധി മുമ്പും നീട്ടിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഇനിയും നീട്ടാമെന്നും ഭരണഘടന ബഞ്ചിനെ അദ്ദേഹം അറിയിച്ചു.

മാര്‍ച്ച് 31 എന്ന അവസാന തീയതി അടുത്ത് വരികയാണെന്നും ആധാറുമായി ബന്ധപ്പെട്ട കേസുകള്‍ അതിനകം തീരാന്‍ സാധ്യതയില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടികാട്ടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15നാണ് ബാങ്ക് അക്കൗണ്ടും ഫോണ്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി സുപ്രീം കോടതി 2018 മാര്‍ച്ച് 31 ആക്കാന്‍ നിര്‍ദ്ദേശിച്ചത്.

പൗരന്‍െറ മൗലികാവകാശമായ സ്വകാര്യതയെ ഹനിക്കുന്നതാണ് ആധാറെന്ന് ആരോപിച്ച് ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന നിരവധി ഹര്‍ജികളാണ് ഭരണഘടന ബഞ്ച് പരിഗണിക്കുന്നത്. കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജ് കെ.എസ്.പുട്ടുസ്വാമി, മഗ്സസെ അവാര്‍ഡ് ജേതാവ് കൂടിയായ ശാന്ത സിന്‍ഹ, ഫെമിനിസ്റ്റ് ഗവേഷകയായ കല്യാണി സെന്‍ മേനോന്‍ എന്നിവരും ഹര്‍ജിക്കാരില്‍ ഉള്‍പ്പെടുന്നു.