ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് ദേബ് മാര്‍ച്ച് ഒമ്പതിന് അധികാരമേല്‍ക്കും

single-img
6 March 2018


ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാറിന്‍െറ മുഖ്യമന്ത്രിയായി ബിപ്ലബ് ദേബ് മാര്‍ച്ച് ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് ദേബിന്‍െറ പേര് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ജിഷ്ണു ദേബ് ബര്‍മയാണ് ഉപമുഖ്യമന്ത്രി.

ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഇന്‍ഡിജനസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുര(ഐ.പി.എഫ്.ടി) മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരമ്പരാഗത വിഭാഗക്കാരില്‍ നിന്നൊരാള്‍ വരണമെന്ന ആവശ്യമാണ് ഉയര്‍ത്തിയിരുന്നത്. ഇതേതുടര്‍ന്ന് നിതിന്‍ ഗഡ്കരിയും കേന്ദ്ര മന്ത്രിയായ ജുയല്‍ ഒറമും ഇരുപാര്‍ട്ടിയിലെയും വിജയിച്ച സ്ഥാനാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്. തീരുമാനം ഐകകണ്‌ഠ്യേനയായിരുന്നു എന്ന് ഗഡ്കരി അറിയിച്ചു.

ത്രിപുരയുടെ വികസനത്തിനായി കഠിനപ്രയത്നം നടത്തുമെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. മന്ത്രിസഭയിലെ അംഗങ്ങളെ ബുധനാഴ്ച തീരുമാനിക്കും. ബി.ജെ.പി നേതൃത്വം നല്‍കുന്ന മുന്നണി 43 സീറ്റുകളാണ് ത്രിപുരയില്‍ നേടിയത്. 35 സീറ്റുകള്‍ ബി.ജെ.പി സ്വന്തമാക്കിയപ്പോള്‍ എട്ടു സീറ്റുകളിലാണ് ഐ.പി.എഫ്.ടി ജയിച്ചത്.