മലപ്പുറത്ത് ഓട്ടോയ്ക്ക് മുകളില്‍ ലോറി മറിഞ്ഞ് മൂന്ന് മരണം

single-img
6 March 2018


മലപ്പുറം: വളാഞ്ചേരിയില്‍ ഓട്ടോയ്ക്ക് മുകളില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ നടന്ന അപകടത്തില്‍ വളാഞ്ചേരി കാട്ടിപ്പരുത്തി പരേതനായ തയ്യില്‍ സെയ്തലവിയുടെ ഭാര്യ ഖദീജ(48), മരുമകള്‍ ആതവനാട് കുന്നത്ത് ഷാഹിന(25), ഓട്ടോ ഡ്രൈവര്‍ വളാഞ്ചേരി പാലച്ചോട് കാട്ടുബാവ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് നിസാര്‍(33) എന്നിവരാണ് മരിച്ചത്.

മഹാരാഷ്ട്രയില്‍ നിന്ന് തൃശൂരിലേക്ക് മാര്‍ബിള്‍ കയറ്റിവന്ന ലോറിയാണ് ഓട്ടോയ്ക്ക് മുകളിലേക്ക് മറിഞ്ഞത്. വളാഞ്ചേരിയില്‍ നിന്ന് ആതവനാട്ടിലേക്ക് പോകുകയായിരുന്നു ഓട്ടോ. ജെ.സി.ബിയും ക്രെയിനും ഉപയോഗിച്ച് ലോറി ഒരു വശം ഉയര്‍ത്തിയാണ് പൂര്‍ണ്ണമായും തകര്‍ന്ന ഓട്ടോയില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. ശരീരം തിരിച്ചറിയാനാകാത്ത വിധം പൂര്‍ണ്ണമായും ചതഞ്ഞനിലയിലായിരുന്നു മൃതദേഹങ്ങള്‍.