വാട്‌സാപ്പില്‍ അബദ്ധത്തില്‍ അയച്ച മെസേജ് ഡിലീറ്റ് ചെയ്യാന്‍ ഇനി കൂടുതല്‍ സമയം കിട്ടും

single-img
4 March 2018


അബദ്ധത്തില്‍ അയച്ച മെസേജ് സ്വീകരിച്ച ആളുടെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം അവതരിപ്പിച്ച് വാട്സാപ്പ് ഉപയോക്താക്കളുടെ മനംകവര്‍ന്നിരുന്നു. ഏഴ് മിനിറ്റിനുള്ളില്‍ ‘തെറ്റു തിരുത്താന്‍’ ഉള്ള അവസരമാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ ആ ചെറിയ സമയപരിധിക്ക് വാട്സാപ്പ് വലിയൊരു മാറ്റം വരുത്തിയിരിക്കുന്നു. ഇനി മുതല്‍ ഒരു മണിക്കൂറും എട്ട് മിനിറ്റും 16 സെക്കന്‍ഡും തികയുന്നത് വരെ മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. വാട്സാപ്പിന്‍െറ പുതിയ ആന്‍ഡ്രോയ്ഡ് ബീറ്റ വേര്‍ഷന്‍ ആയ 2.18.69 ല്‍ ഈ സൗകര്യം ഉള്ളതായി ഒരു ടെക് വെബ്സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് ഫോണുകളില്‍ വാട്സാപ്പ് അവതരിപ്പിച്ചത്. മീഡിയ ഉള്‍പ്പെടെയുള്ള മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം ഉപയോക്താക്കള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടെങ്കിലും സമയപരിധിയില്‍ തൃപ്തിവന്നിരുന്നില്ല.

മറ്റൊരു പ്രധാന സൗകര്യം വരുന്നത് തുടര്‍ച്ചയായി ഒരേ ഫോര്‍വേഡ് മെസേജുകള്‍ വരുന്നതിന് പരിഹാരം കാണാനാണ്. അത്തരം മെസേജുകള്‍ ഫോര്‍വേഡഡ് മെസേജ് എന്ന് രേഖപ്പെടുത്താന്‍ കഴിയും. ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.18.67 ല്‍ ആണ് ഈ സൗകര്യം അവതരിപ്പിക്കുന്നത്.