കൊണ്‍റാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രിയായി മാര്‍ച്ച് ആറിന് സത്യപ്രതിജ്ഞ ചെയ്യും

single-img
4 March 2018

കൊണ്‍റാഡ് സാങ്മ ഗവര്‍ണര്‍ ഗംഗ പ്രസാദിനൊപ്പം

ഷില്ലോങ്: നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ചുമലിലേറി മേഘാലയയിലും ബി.ജെ.പി ഭരണം ഉറപ്പിച്ചു. ഗവര്‍ണര്‍ ഗംഗ പ്രസാദിനെ സന്ദര്‍ശിച്ച് എന്‍.പി.പി നേതാവ് കൊണ്‍റാഡ് സാങ്മ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. സാങ്മയും മന്ത്രിസഭയും മാര്‍ച്ച് ആറിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച സാങ്മ, തനിക്കൊപ്പമുള്ള എം.എല്‍.എമാര്‍ സംസ്ഥാനത്തിന്‍െറ വികസനത്തിനോടും ജനങ്ങളോടും സമര്‍പ്പണ മനോഭാവമുള്ളവരാണെന്ന് പറഞ്ഞു. നാളെയോടെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച എല്ലാ അനിശ്ചിതത്വവും അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 30 എം.എല്‍.എമാരുടെ പിന്തുണയാണ് മുന്നണിക്കുള്ളത്. മാര്‍ച്ച് ഏഴിനാണ് നിലവിലെ കോണ്‍ഗ്രസ് മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നത്. അതിന് മുമ്പ് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് സാങ്മ വ്യക്തമാക്കി.

കൊണ്‍റാഡ് സാങ്മ ആയിരിക്കും അടുത്ത മേഘാലയ മുഖ്യമന്ത്രിയെന്ന് ബി.ജെ.പി എം.എല്‍.എ ബിശ്വ ശര്‍മയും അറിയിച്ചു. പുതിയ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.പി.പിയുടെയും യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും എച്ച്.എസ്.പി.ഡി.പിയുടെയും ബി.ജെ.പിയുടെയും എം.എല്‍.എമാര്‍ അടങ്ങുന്ന സംഘമാണ് കൊണ്‍റാഡിന്‍െറ നേതൃത്വത്തില്‍ ഗവര്‍ണറെ കണ്ടത്. അതിനുമുമ്പ് മുകുള്‍ സാങ്മയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ച നടത്തിയിരുന്നു. 21 സീറ്റുകളുമായി കോണ്‍ഗ്രസ് ആണ് സംസ്ഥാനത്ത് ഒറ്റക്കക്ഷി. പി.എ സാങ്മ രൂപീകരിച്ച എന്‍.പി.പിക്ക് 19 സീറ്റും യു.ഡി.പിക്ക് ആറ് സീറ്റും ബി.ജെ.പിക്കും എച്ച്.എസ്.പി.ഡി.പിക്കും രണ്ടു സീറ്റും വീതമാണ് ഉള്ളത്. ഒരു സ്വതന്ത്രന്‍െറ പിന്തുണയും മുന്നണിക്കുണ്ട്.