മലേഷ്യന്‍ വിമാനം കാണാതായിട്ട് നാല് വര്‍ഷം; തിരച്ചില്‍ ജൂണില്‍ അവസാനിക്കും

single-img
4 March 2018

ക്വാലാലംപൂര്‍: ദുരൂഹത മാത്രം അവശേഷിപ്പിച്ച് അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സ് 370 വിമാനത്തിനായി അമേരിക്കന്‍ കമ്പനി നടത്തുന്ന തിരച്ചില്‍ ജൂണില്‍ അവസാനിക്കും. വിമാനം കാണാതായിട്ട് നാല് വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യു.എസിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഷന്‍ ഇന്‍ഫിനിറ്റി എന്ന കമ്പനിയുമായി ജനുവരിയിലാണ് മലേഷ്യ കരാറൊപ്പിട്ടത്. തിരച്ചിലില്‍ ‘ഫലമില്ലെങ്കില്‍ ഫീസില്ല’ എന്നതാണ് കരാര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മലേഷ്യയും ആസ്ട്രേലിയയും ചൈനയും നടത്തി വന്ന തിരച്ചില്‍ അവസാനിപ്പിച്ചതിന് ഒരു വര്‍ഷം കഴിഞ്ഞാണ് പുതിയ കമ്പനിയെ ഏല്‍പ്പിച്ചത്. ജനുവരി 22നാണ് കമ്പനി തിരച്ചില്‍ ആരംഭിച്ചത്. 90 ദിവസങ്ങളാണ് തിരച്ചിലിനായി ഉള്ളത്. തിരച്ചില്‍ നടത്തുന്ന കപ്പലിന് ആസ്ട്രേലിയയില്‍ ഇന്ധനം നിറക്കാനുള്ളതും മോശം കാലാവസ്ഥയും ഒക്കെ പരിഗണിച്ച് 90 ദിവസത്തെ കാലാവധി മാസങ്ങള്‍ എടുത്താകും പൂര്‍ത്തിയാകുക എന്ന് മലേഷ്യന്‍ സിവില്‍ ഏവിയേഷന്‍ ചീഫ് അസറുദ്ദീന്‍ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. ക്വാലാലംപൂരില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പുതിയ തിരച്ചില്‍ മേഖലയായ 25,000 ചതുരശ്ര കിലോമീറ്റര്‍ കടലില്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നത് 85 ശതമാനം സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു. മൂന്നു മാസത്തിനകം വിജയകരമായി തിരച്ചില്‍ പൂര്‍ത്തിയാക്കിയാല്‍ പരിശോധന നടത്തിയ മേഖലയുടെ വലിപ്പം അനുസരിച്ചാണ് കമ്പനിക്ക് പ്രതിഫലം ലഭിക്കുക. 5000 ചതുരശ്ര കിലോമീറ്ററിന് 20 ദശലക്ഷം ഡോളര്‍ നല്‍കും. 25,000 ചതുരശ്ര കിലോമീറ്ററിലാണ് തിരച്ചില്‍ നടത്തിയതെങ്കില്‍ 50 ദശലക്ഷം ഡോളറായിരിക്കും പ്രതിഫലം. നിശ്ചിത മേഖലയില്‍ നിന്ന് മാറി വിമാനം കണ്ടെത്തിയാല്‍ 70 ദശലക്ഷം ഡോളര്‍ കമ്പനിക്ക് മലേഷ്യ നല്‍കും. 2014 മാര്‍ച്ച് എട്ടിനാണ് 239 പേരുമായി ക്വാലാലംപൂരില്‍ നിന്ന് ബീജിങ്ങിലേക്ക് പോയ വിമാനം യാത്രാമധ്യേ കാണാതായത്.