സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വന്‍ അഴിച്ചുപണി: കാനത്തിന്റെ വിശ്വസ്തന്‍ പുറത്ത്

single-img
4 March 2018

സിപിഐ സംസ്ഥാന സമിതിയില്‍ അഴിച്ചുപണി. ഇരുപക്ഷത്തേയും പ്രമുഖ നേതാക്കളെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. കാനത്തിന്റെ വിശ്വസ്തനായ വാഴൂര്‍ സോമനാണ് ഒഴിവാക്കപ്പെട്ടവരില്‍ പ്രധാനി. ഇടുക്കിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് വാഴൂര്‍ സോമന്‍.

അഴിമതി ആരോപണത്തെ തുടര്‍ന്നാണ് സോമനെ പുറത്താക്കിയത്. കെ.ഇ. ഇസ്മയില്‍ പക്ഷത്തെ പ്രമുഖന്‍ എം.പി. അച്യുതനെയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പാലക്കാട്, എറണാകുളം ജില്ലകളില്‍നിന്ന് സംസ്ഥാന സമിതിയിലേക്കു മത്സരം നടന്നു.

മത്സരത്തില്‍ കെ.ഇ. ഇസ്മയില്‍ പക്ഷത്തെ പ്രമുഖ നേതാവായ ഈശ്വരി നേശന്‍ തോറ്റു. അതേസമയം ഗോഡ്ഫാദര്‍ പരാമര്‍ശത്തെ തുടര്‍ന്ന് സംസ്ഥാന കൗണ്‍സിലില്‍ നിന്ന് മുമ്പ് ഒഴിവാക്കപ്പെട്ട ഇ.എസ്.ബിജിമോള്‍ എം.എല്‍.എ തിരിച്ചെത്തി.

സി.പി.ഐ കണ്‍ട്രോള്‍ കമ്മീഷനും പൊളിച്ചു. കമ്മീഷന്‍ ചെയര്‍മാനും സെക്രട്ടറിയും പുറത്തായി. വെളിയം രാജനെയും എ.കെ.ചന്ദ്രനെയുമാണ് മാറ്റിയത്. രാജനും ചന്ദ്രനും പകരം തിരുവനന്തപുരത്ത് നിന്നുള്ള ജെ.വേണുഗോപാലന്‍ നായര്‍ ചെയര്‍മാനായുള്ള പുതിയ കണ്‍ട്രോള്‍ കമ്മിഷനെ തിരഞ്ഞെടുത്തിട്ടുണ്ട്.

അതേസമയം, സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കാനായി സി.ദിവാകരനെ കെ.ഇ. ഇസ്മായില്‍ പക്ഷം സമീപിച്ചെങ്കിലും ദിവാകരന്‍ പിന്‍മാറി. പാര്‍ട്ടിയില്‍ ഐക്യത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്ന നിലപാടെടുത്താണ് ദിവാകരന്‍ ഇസ്മായില്‍ പക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതിരുന്നത്.