ആദായ നികുതി റിട്ടേണ്‍ തട്ടിപ്പ്: ഇന്‍ഫോസിസ് ജീവനക്കാര്‍ക്കെതിരെ അന്വേഷണം

single-img
3 March 2018


ബംഗളൂരു: ആദായനികുതി റിട്ടേണില്‍ തിരുത്തലുകള്‍ നടത്തി തട്ടിപ്പ് നടത്തിയ കേസില്‍ പ്രമുഖ ഐ.ടി കമ്പനി ഇന്‍ഫോസിസിന്‍െറ ജീവനക്കാര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ഒരു വ്യാജ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും കൂടി ഉള്‍പ്പെട്ടതാണ് തട്ടിപ്പ് സംഘം. ജനുവരിയിലാണ് ആദായ നികുതി വകുപ്പ് ഈ തട്ടിപ്പ് കണ്ടെത്തിയത്. വ്യാജ രേഖകള്‍ ഹാജരാക്കി അഞ്ചു കോടി രൂപയാണ് തട്ടിച്ചത്.

വിവിധ സ്വകാര്യ കമ്പനികളില്‍ നിന്നുള്ള 250 നികുതി ദായകരുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി തിരുത്തിയ 1010 ടാക്സ് റിട്ടേണുകള്‍ ഫയല്‍ ചെയ്ത് റീഫണ്ടുകള്‍ സ്വന്തമാക്കി എന്നതാണ് കേസ്. മൂന്ന് വര്‍ഷമാണ് ഈ തട്ടിപ്പ് നടന്നത്. ആദായനികുതി വകുപ്പിന്‍െറ ഇ-റിട്ടേണ്‍സ് കൈകാര്യം ചെയ്യുന്നത് ഇന്‍ഫോസിസ് ആണ്. നാഗേഷ് ശാസ്ത്രി എന്ന വ്യാജ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇത് കൈകാര്യം ചെയ്യുന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ഇന്‍ഫോസിസ് ജീവനക്കാരും ആവശ്യമായ സഹായങ്ങള്‍ നല്‍കി വേണ്ട അനുമതി വാങ്ങി നല്‍കുകയാണ് ചെയ്തിരുന്നത്.

ഇന്‍ഫോസിസിലെയും ആദായ നികുതി വകുപ്പിലെയും തട്ടിപ്പ് നടത്തിയ ജീവനക്കാരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിരവധി സ്വകാര്യ കമ്പനി ജീവനക്കാരുടെ ടാക്സ് റിട്ടേണ്‍ കൈകാര്യം ചെയ്തിരുന്ന നാഗേഷ് ശാസ്ത്രി അതുവഴി ലഭിച്ചിരുന്ന യൂസര്‍ വിവരങ്ങളും പാസ്‌വേഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. യഥാര്‍ഥ നികുതിദായകര്‍ക്ക് റീഫണ്ട് ലഭിച്ചതിന് ശേഷം ഉയര്‍ന്ന ഭവന വായ്പ അടവ് കാണിച്ച് തിരുത്തിയ റിട്ടേണ്‍ ഫയല്‍ ചെയ്യുകയായിരുന്നു പ്രതികള്‍. തട്ടിപ്പ് നടത്തി കിട്ടുന്ന തുക ശാസ്ത്രിയും ഇന്‍ഫോസിസിലെയും ആദായ നികുതി വകുപ്പിലെയും ഉദ്യോഗസ്ഥരും പങ്കിട്ടെടുക്കുകയായിരുന്നു എന്ന് എഫ്.ഐ.ആര്‍ പറയുന്നു.