ഫീനിക്സ് പക്ഷിയായി ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് കളക്ടര്‍ ടി.വി. അനുപമ

single-img
3 March 2018


ആലപ്പുഴ: തോമസ് ചാണ്ടിയുടെ ലേക് പാലസ് കേസില്‍ ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനം നേരിട്ട ആലപ്പുഴ ജില്ല കളക്ടര്‍ ടി.വി.അനുപമയുടെ ‘പ്രതികരണം’ ഫെയ്സ്ബുക്കില്‍. ഇംഗ്ലീഷ് കവയത്രി നിഖിത ഗില്ലിന്‍െറ വരികളിലൂടെയാണ് തന്‍െറ നിലപാട് കളക്ടര്‍ വ്യക്തമാക്കിയത്.

‘‘അവര്‍ക്ക് നിങ്ങളെ തോല്‍പ്പിക്കാനാകും, പൊള്ളലേല്‍പ്പിക്കാനാകും, അപമാനിക്കാനാകും, മുറിവേല്‍പ്പിക്കാനാകും, ഉപേക്ഷിക്കാനാകും എന്നാല്‍, അവര്‍ക്ക് നിങ്ങളെ നശിപ്പിക്കാന്‍ കഴിയില്ല. കാരണം നിങ്ങള്‍ ചാരത്തില്‍ നിന്ന് കെട്ടിയുയര്‍ത്തപ്പെട്ട റോമിനെപ്പോലെയാണ്, ഫീനിക്സിനെപ്പോലെ പുനര്‍ജീവിക്കാന്‍ നിങ്ങള്‍ക്കറിയാം. ’’-ഫെയ്സ്ബുക്ക് പോസ്റ്റിലെ വരികള്‍ പറയുന്നു. ഈ വരികള്‍ പങ്കുവച്ച സുഹൃത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് കളക്ടര്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്.
https://www.facebook.com/photo.php?fbid=1783925998312714&set=a.1783926058312708.1073741830.100000859932837&type=3&theater

തോമസ് ചാണ്ടി ഭൂമി കൈയേറി എന്ന കേസിലാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായത്. സര്‍വേ നമ്പര്‍ രേഖപ്പെടുത്തിയത് തെറ്റാണെന്ന് ചൂണ്ടികാട്ടി കളക്ടര്‍ നല്‍കിയ രണ്ട് നോട്ടീസുകളും കോടതി റദ്ദാക്കി. കളക്ടര്‍ എന്തു ജോലിയാണ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. തെറ്റുപറ്റിയ കാര്യം കളക്ടറും സ്ഥിരീകരിച്ചു. ഇതെങ്ങനെ സംഭവിച്ചു എന്നത് അന്വേഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്.