ഏഴ് സംഘടനകളെ അമേരിക്ക ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി

single-img
28 February 2018

ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഏഴ് സംഘടനകളെയും രണ്ട് വ്യക്തികളയും ആഗോള ഭീകരരായി പ്രഖ്യാപിച്ച് അമേരിക്ക. ഏഴില്‍ മൂന്ന് സംഘടനകളെ വിദേശ തീവ്രവാദ സംഘടനകളുടെ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഎസ് ആഫ്രിക്ക, ഐഎസ് ഫിലിപ്പീന്‍സ്, ഐഎസ് ബംഗ്ലാദേശ് എന്നീ സംഘടനകളെയാണ് വിദേശ തീവ്രവാദ സംഘടനകയുടെ പട്ടികയില്‍കൂടി ഉള്‍പ്പെടുത്തിയത്.

അമേരിക്കന്‍ പൗരന്മാര്‍ ഈ സംഘടനകളുമായി ഒരുതരത്തിലുള്ള ബന്ധവും സമ്പര്‍ക്കവും പുലര്‍ത്താന്‍ പാടില്ലെന്നും ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ഈ സംഘടനകള്‍ക്ക് ചെയ്ത് നല്‍കുന്നവരെയും കുറ്റവാളികളായി കണക്കാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഐഎസ് സൊമാലിയ, ജുന്‍ഡ് അല്‍ ഖിലാഫ് ടുണീഷ്യ, ഐഎസ് ഈജിപ്ത്, മൗട് ഗ്രൂപ്പ് എന്നിവയെയാണ് ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റ് നാല് സംഘടനകള്‍. കുപ്രസിദ്ധ ഐസ് ഭീകരരായ മഹദ് മൊവാലിം, അബു മുസാബ് അല്‍ ബര്‍നവി എന്നിവരെയും ആഗോള ഭീകരരായി പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎസിന്റെ ആഗോള ശൃംഖലകള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.