ഷുഹൈബ് വധം: വെട്ടാനുപയോഗിച്ചെന്ന് കരുതുന്ന വാളുകള്‍ കണ്ടെടുത്തു

single-img
28 February 2018

കണ്ണൂര്‍: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് മണ്ഡലം സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. മട്ടന്നൂര്‍ വെള്ളപ്പറമ്പില്‍ നിന്നാണ് മൂന്ന് വാളുകള്‍ കണ്ടെടുത്തത്.

ഇവ കനത്ത പൊലീസ് കാവലില്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. കേസിലെ മുഖ്യപ്രതികളായ ആകാശ് തില്ലങ്കേരി, രജിന്‍രാജ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ സംഘത്തിന് ആയുധങ്ങള്‍ ഒളിപ്പിച്ചതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

കൊലയില്‍ നേരിട്ട് പങ്കെടുത്തവരുള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലായിട്ടും ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കൂടാതെ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയും ആയുധങ്ങള്‍ കണ്ടെടുക്കാനാവാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഉന്നയിച്ചു.

ആയുധങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുവെന്ന സൂചന മാത്രമാണ് പൊലീസ് ഇതുവരെ നല്‍കിയത്. ആയുധങ്ങള്‍ പലയിടങ്ങളിലായി മാറ്റുന്നതാണ് കണ്ടെത്തുന്നതിന് തടസമെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ ആയുധങ്ങള്‍ കണ്ടെടുക്കാനായതോടെ പൊലീസിന് വലിയൊരു പിടിവള്ളിയാണ് കിട്ടിയിരിക്കുന്നത്.