കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

single-img
28 February 2018


കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു. 83 വയസായിരുന്നു. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കാഞ്ചി മഠത്തിലെ 69ാമത് മഠാധിപതിയായിരുന്നു.

റയില്‍വേ ഉദ്യോഗസ്ഥനായിരുന്ന മഹാദേവയ്യരുടെ മകനായി 1935 ജൂലൈ 18നാണ് സുബ്രഹ്മണ്യനെന്ന ജയേന്ദ്രസരസ്വതി പിറന്നത്. വേദാധ്യയനം കഴിഞ്ഞു 19ാം വയസ്സില്‍ സുബ്രഹ്മണ്യന്‍ ജയേന്ദ്രസരസ്വതിയായി സന്യാസജീവിതത്തിലേക്കു കാല്‍വച്ചു.

1954 മാര്‍ച്ച് 22നാണ് ആദിശങ്കരന്‍ ഭാരതപര്യടനം കഴിഞ്ഞു വന്നു വിശ്രമിച്ച കാഞ്ചിയിലെ മുക്തിമണ്ഡപത്തില്‍ ഗുരുവില്‍നിന്നു ജയേന്ദ്രസരസ്വതി മന്ത്രദീക്ഷ സ്വീകരിച്ചത്. ആദിശങ്കരനുശേഷം ആദ്യമായി കൈലാസവും മാനസസരോവറും സന്ദര്‍ശിച്ച കാഞ്ചി മഠാധിപതിയാണ് ജയേന്ദ്രസരസ്വതി. 1970ല്‍ കാഞ്ചീപുരത്തുനിന്നു നടന്നു നേപ്പാള്‍വരെ പോയി.

കാലടിയിലെ കീര്‍ത്തിസ്തംഭം, അലഹാബാദിലെ ആദിശങ്കര വിമാനമണ്ഡപം, കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്ര ഗോപുരം, കാഞ്ചി വരദരാജസ്വാമി ക്ഷേത്രത്തിലെ പഴയ തേരുപുതുക്കല്‍, ഏനത്തൂരില്‍ അറുപതടി ഉയരമുള്ള ശങ്കരപ്രതിമ, ഗുരു ചന്ദ്രശേഖരസരസ്വതിയുടെ പേരിലുള്ള വിശ്വമഹാവിദ്യാലയമെന്ന ഡീംഡ് സര്‍വകലാശാല, കോയമ്പത്തൂരിലെയും ഗുവാഹത്തിയിലെയും ശങ്കര നേത്രചികിത്സാലയങ്ങള്‍, നസ്‌റേത്ത്‌പേട്ടില്‍ ജയേന്ദ്രസരസ്വതി ആയുര്‍വേദ കോളജ്, ഗുവാഹത്തിയിലെ തിരുപ്പതി ബാലാജി ക്ഷേത്രം ഇവയൊക്കെ സ്വാമിയുടെ നേട്ടങ്ങളാണ്.