‘ശ്രീദേവി വീര്യമുള്ള മദ്യം കഴിക്കില്ല; ഹോട്ടലിലെ സിസിടിവിക്ക് എന്തു സംഭവിച്ചു’: ശ്രീദേവിയെ കൊലപ്പെടുത്തിയതാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

single-img
27 February 2018

ശനിയാഴ്ച രാത്രി ദുബായില്‍ മരിച്ച ഹിന്ദി ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ മരണത്തെ സംബന്ധിച്ച് ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ബാത്ത് റൂമിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ട ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിന് വ്യക്തത വരുത്താനായി വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയേക്കുമെന്ന് സൂചനയുണ്ട്.

ഇതോടെ മൃതദേഹം ഇന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അതിനിടെ ശ്രീദേവിയുടെ മരണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. മരണം സംബന്ധിച്ച് പ്രോസിക്യൂഷന്റെ വിശദീകരണത്തിനായി കാത്തിരിക്കാം. മാധ്യമങ്ങളിലെ വസ്തുതകള്‍ക്ക് സ്ഥിരതയില്ലെന്നും സ്വാമി പറഞ്ഞു.

ശ്രീദേവി ഒരിക്കലും വീര്യമേറിയ മദ്യം കുടിക്കുമായിരുന്നില്ല. പിന്നെങ്ങനെ താരത്തിന്റെ ശരീരത്തില്‍ അമിത അളവില്‍ മദ്യം എത്തി. മാത്രമല്ല ശ്രീദേവി താമസിച്ചിരുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ക്ക് എന്തുസംഭവിച്ചെന്നും സ്വാമി ചോദിക്കുന്നു. സിസിടിവി ക്യാമറകള്‍ വര്‍ക്ക് ചെയ്യുന്നില്ലായിരുന്നെങ്കില്‍ അതിന്റെ കാരണം എന്താണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നടിയുടെ മരണത്തിന് തൊട്ടുപിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ഡോക്ടര്‍മാര്‍ മരണം ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണെന്നു പറയുകയായിരുന്നു. എന്നാല്‍ ശ്രീദേവിയുടെ മരണം കൊലപാതകമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും ചലച്ചിത്ര നടിമാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും സ്വാമി പറഞ്ഞു.

ഇതിനിടെ, ശ്രീദേവിയെ മരിച്ച നിലയില്‍ ഹോട്ടലിലെ ബാത്ത്‌റൂമില്‍ ആദ്യം കണ്ടെത്തിയ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായി പൊലീസ് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് ദുബായി പൊലീസ് പിടിച്ചെടുത്തതായും അന്വേഷണം പൂര്‍ത്തിയാകും വരും ദുബായില്‍ തങ്ങണമെന്ന് നിര്‍ദേശം നല്‍കിയതായും വാര്‍ത്തകളുണ്ട്. ആദ്യഘട്ടം ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചുവെങ്കിലും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്.

യുഎഇയിലെ റാസല്‍ഖൈമയില്‍ ബന്ധുവും ബോളിവുഡ് നടനുമായ മോഹിത് മാര്‍വയുടെ വിവാഹചടങ്ങിനിടെ ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വന്ന വിവരം. വിവാഹാഘോഷത്തിനിടെ നെഞ്ചുവേദന വന്ന ശ്രീദേവി കുഴഞ്ഞുവീണെന്നും ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചുവെന്നുമായിരുന്നു വാര്‍ത്ത.

എന്നാല്‍ റാസല്‍ഖൈമയിലെ ചടങ്ങിന് ശേഷം ദുബായില്‍ ജുമൈറ ടവേഴ്‌സ് ഹോട്ടലില്‍ എത്തിയതിന് പിന്നാലെ താമസിച്ചിരുന്ന 2201 നമ്പര്‍ സ്യൂട്ടിലെ ബാത്ത് റൂമിലെ ബാത്ത് ടബ്ബില്‍ കുഴഞ്ഞുവീണ് മരണം സംഭവിച്ചുവെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം നടന്നിരുന്നുവെന്നും ഇതിനാല്‍ ഫോറന്‍സിക് പരിശോധനയടക്കമുള്ള നടപടികള്‍ക്കായി മൃതദേഹം മാറ്റുകയായിരുന്നുവെന്നുമായിരുന്നു പിന്നീട് പുറത്തുവന്ന വിവരം.

അതേസമയം, ബാത്ത്‌റുമില്‍ കുഴഞ്ഞുവീണല്ല മരണമെന്നും ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിമരിച്ചാണ് മരണം സംഭവിച്ചതെന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമാകുകയായിരുന്നു. രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയതിനാല്‍ മദ്യപിച്ചതിനെ തുടര്‍ന്ന് വെള്ളത്തില്‍ വീണ് മുങ്ങിമരണം സംഭവിച്ചുവെന്നാണ് നിഗമനമെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ഇതേതുടര്‍ന്ന് ദുബായി പൊലീസ് വിദഗ്ധ അന്വേഷണത്തിന് തീരുമാനിക്കുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരം തന്നെ മൃതദേഹം മുംബൈയിലെത്തിക്കാന്‍ റിലയന്‍സ് ഉടമയും കുടുംബസുഹൃത്തുമായ അനില്‍ അംബാനിയുടെ സ്വകാര്യജറ്റ് വിമാനം ദുബായിലെത്തിയെങ്കിലും നടപടി ക്രമങ്ങള്‍ വൈകിയതിനാല്‍ മൃതദേഹം കൊണ്ടുവരാനായിരുന്നില്ല. ഇതിന് പിന്നാലെ ഫോറന്‍സിക് ഫലത്തില്‍ മുങ്ങിമരണമാണെന്ന് തെളിഞ്ഞതോടെ നടപടികള്‍ വീണ്ടും വൈകുകയായിരുന്നു.

ഇതേതുടര്‍ന്ന് ഇന്നലെയും നാട്ടിലേക്ക് മൃതദേഹം എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് തലയില്‍ മുറിവ് ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ദുബായി പൊലീസ് തീരുമാനിച്ചതും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ട് ഇടപെടുന്നുണ്ടെങ്കിലും ശ്രീദേവിയുടെ മൃതദേഹം ഇന്നും നാട്ടിലേക്ക് കൊണ്ടുവരാനാകുമോ എന്ന കാര്യത്തില്‍ സംശയമുയരുന്നത്.