ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെ വീട്ടിലെത്തിച്ചു

single-img
27 February 2018

ശ്രീദേവിയുടെ മൃതദേഹം വഹിച്ചുകൊണ്ട് ആംബുലന്‍സ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് വസതിയിലേക്ക് പോകുന്നു ചിത്രം: എ.എന്‍.ഐ

മുംബൈ: രണ്ട് ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പ്രിയപ്പെട്ടവരുടെ അരികിലേക്ക് ശ്രീദേവിയെത്തി, അവസാന യാത്രപറച്ചിലിനായി. ശനിയാഴ്ച രാത്രി ദുബായില്‍ അന്തരിച്ച ഇതിഹാസ നായികയുടെ മൃതദേഹം മുംബൈയില്‍ എത്തിച്ചു. പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ രാത്രി പത്തു മണിയോടെയാണ് മൃതദേഹം മുംബൈ വിമാനത്താവളത്തില്‍ എത്തിച്ചത്.

തടിച്ചുകൂടിയ ആരാധകരുടെ തിരക്കൊഴിവാക്കാന്‍ കനത്ത സുരക്ഷയാണ് വിമാനത്താവളത്തിലും തുടര്‍ന്ന് ആംബുലന്‍സ് പോയ വഴിയിലും ഒരുക്കിയത്. ശ്രീദേവിയുടെ മക്കളായ ജാഹ്നവിയും ഖുഷിയും ഭര്‍തൃസഹോദരനായ അനില്‍ കപൂറും അദ്ദേഹത്തിന്‍െറ മകള്‍ സോനം കപൂറും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ലോഖണ്ഡ്‌വാലയിലെ ഗ്രീന്‍ എക്കര്‍ വസതിലേക്കാണ് ആംബുലന്‍സില്‍ മൃതദേഹം കൊണ്ടുപോയത്. ആംബുലന്‍സിനും വാഹനവ്യൂഹത്തിനും കടന്നുപോകാന്‍ പ്രത്യേക ഇടനാഴി തന്നെ പോലീസ് മുംബൈയില്‍ ഒരുക്കി. രാത്രി മുഴുവന്‍ വീട്ടില്‍ വക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രണ്ട് മണിയോടെ വിലെ പാര്‍ലെ സേവ സമാജ് ശ്മശാനത്തിലേക്ക് കൊണ്ടു പോകും. വൈകുന്നേരം 3.30 ഓടെ സംസ്കാരം നടക്കും.