‘മോദി ഒന്നാന്തരം നല്ല മനുഷ്യന്‍, പക്ഷേ…: ആരോപണവുമായി ട്രംപ്

single-img
27 February 2018

വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണിന്റെ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്നതോതില്‍ ഇറക്കുമതി തീരുവ ചുമത്തുന്നുവെന്നാരോപിച്ച് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ഇറക്കുമതി തീരുവ 75ല്‍ നിന്ന് 50 ശതമാനമാക്കി അടുത്തിടെ കുറച്ചിരുന്നു.

ഇതില്‍ സംതൃപ്തിയില്ലെന്നാണ് ട്രംപിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. ന്യായമായ വ്യാപാര ഇടപാടുകള്‍ നടത്തുന്നതിനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്ക് ഒരു ബൈക്ക് അയക്കുകയാണെങ്കില്‍ 100 ശതമാനം നികുതി അടക്കേണ്ട അവസ്ഥയാണുള്ളത്.

നരേന്ദ്ര മോദി ഒരു നല്ല മനുഷ്യനാണെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹവുമായി അടുത്തിടെ സംവദിച്ചപ്പോള്‍ മോട്ടോര്‍ സൈക്കിളുകളുടെ ഇറക്കുമതി തീരുവ കുറച്ചെന്ന് അറിയിച്ചിരുന്നു. എന്നാല്‍ യു.എസിന് ഇതിലൂടെ ഒന്നും ലഭിക്കുന്നില്ലെന്നും ട്രംപ് അറിയിച്ചു.

എന്നാല്‍ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളുകള്‍ അമേരിക്ക ഇറക്കുമതി ചെയ്യുമ്പോള്‍ ഒരു നികുതിയും വാങ്ങുന്നില്ല. രാജ്യത്തിന് ഒന്നും കിട്ടുന്നുമില്ല. നേരെ തിരിച്ച് ഇവിടെ നിന്ന് ഇന്ത്യയിലേക്ക് അമേരിക്കന്‍ ബൈക്കുകള്‍ അയക്കുമ്പോള്‍ 100 ശതമാനമാണ് വാങ്ങിയിരുന്നത്. ഇപ്പോള്‍ അത് 50 ആക്കിയെന്നാണ് പറയുന്നത്. എന്നാല്‍ ഒന്നും നടപ്പിലായിട്ടില്ലെന്ന് ട്രംപ് പറഞ്ഞു.

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട പ്രശ്‌നം ഈ മാസം ഇത് രണ്ടാം തവണയാണ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇത് അനീതിയാണെന്നായിരുന്നു ട്രംപിന്റെ നേരത്തെയുള്ള പ്രതികരണം.