കൊച്ചി മെട്രോനെ സില്‍മേല്‍ എടുത്തേ!

single-img
27 February 2018

കൊച്ചി: കൊച്ചി മെട്രോയെ ഒടുവില്‍ സിനിമയിലെടുത്തു. ആദ്യമായാണ് കൊച്ചി മെട്രോ ഒരു സിനിമാ ലൊക്കേഷന് വേദിയാകുന്നത്. തെലുങ്ക് ചിത്രമായ ലവറിന്റെ ചിത്രീകരണമാണ് ഇവിടെ നടക്കുന്നത്. ചിത്രത്തിലെ ഗാനരംഗമാണ് ഇപ്പോള്‍ മെട്രോയില്‍ ഷൂട്ട് ചെയ്യുന്നത്.

ഇടപ്പള്ളി സ്റ്റേഷന് മുന്നിലും പ്ലാറ്റ്‌ഫോം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും ചിത്രീകരണം നടന്നു. രാജ് തരുണും റിദ്ദി കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീയാണ്. ഷൂട്ടിംഗ് സംബന്ധിച്ച വിവരങ്ങള്‍ കൊച്ചി മെട്രോയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൊച്ചി മെട്രോനെ തെലുഗു സില്‍മേല്‍ എടുത്തേ എന്ന തലക്കെട്ടോടെ ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റിട്ടിരിക്കുന്നത്. ലവറിന്റെ ചിത്രീകരണത്തിനായി രണ്ട് ലക്ഷം രൂപയാണ് അണിയറപ്രവര്‍ത്തകര്‍ മെട്രോയ്ക്ക് നല്‍കിയത്. അധികൃതരില്‍ നിന്ന് അനുമതി നേടിയെടുത്ത ശേഷം അക്കൗണ്ടില്‍ മുന്‍കൂര്‍ പണം അടച്ചാല്‍ മെട്രോയില്‍ ചിത്രീകരിക്കാനുള്ള അവസരം ലഭിക്കും.

ഇതിന് മുമ്പ് പരസ്യങ്ങള്‍ക്കായി മെട്രോ ലൊക്കേഷനായിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് ഒരു സിനിമയുടെ ലൊക്കേഷന്‍ ആവുന്നത്. കുട്ടനാട്, തോപ്പുംപടി, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലെ ചിത്രീകരണത്തിന് ശേഷമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മെട്രോയിലെ ഷൂട്ട് ആരംഭിച്ചത്.