മേഘാലയയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് ആരംഭിച്ചു

single-img
27 February 2018


ഷില്ലോങ്: മേഘാലയയിലും നാഗാലാന്‍ഡിലും നിയമസഭ തെരഞ്ഞെടുപ്പ് വോട്ടിങ് ആരംഭിച്ചു. ഇരു സംസ്ഥാനങ്ങളിലും 60 അസംബ്ളി സീറ്റുകള്‍ വീതം ഉള്ളതില്‍ 59 എണ്ണത്തിലേക്കാണ് മത്സരം നടക്കുന്നത്. ആസാമിലും മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും അധികാരത്തിലുള്ള ബി.ജെ.പി, കോണ്‍ഗ്രസില്‍ നിന്ന് മേഘാലയ പിടിച്ചെടുക്കാനാണ് കച്ചകെട്ടുന്നത്. നാഗാലാന്‍ഡില്‍ പ്രാദേശിക കൂട്ടുകെട്ടിനൊപ്പം ചേര്‍ന്ന് ഭരണം പിടിക്കാനും ബി.ജെ.പി ലക്ഷ്യമിടുന്നു. ഇതിലൂടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ആധിപത്യം സ്ഥാപിച്ചെടുക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു.

മേഘാലയയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മുകുള്‍ സാങ്മ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. തുടര്‍ച്ചയായ നാലാം തവണ അധികാരത്തിലേറുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. സംസ്ഥാനത്ത് പി.എ സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടയുമായി സഖ്യമുണ്ടാക്കിയ ബി.ജെ.പി, 47 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. എന്‍.സി.പി സ്ഥാനാര്‍ഥി ജൊനാഥന്‍ എന്‍.സാങ്മ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വില്യംനഗര്‍ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

നാഗാലാന്‍ഡില്‍ 20 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. ബാക്കിയുള്ള സീറ്റുകളില്‍ സഖ്യകക്ഷിയായ എന്‍.ഡി.പി.പി മത്സരിക്കുന്നു. സംസ്ഥാനത്ത് മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന നെയ്ഫ്യൂ റിയോ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച പാര്‍ട്ടിയാണ് എന്‍.ഡി.പി.പി. വടക്കന്‍ അംഗാമി 2 മണ്ഡലത്തില്‍ നിന്ന് റിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. റിയോയുടെ മുന്‍ പാര്‍ട്ടിയായ എന്‍.പി.എഫ് ആണ് പ്രധാന എതിരാളികള്‍. 18 സീറ്റുകളില്‍ മാത്രമാണ് നാഗാലാന്‍ഡില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്.