ശ്രീദേവി മരിച്ചത് അങ്ങനെയല്ല; രോഷം പ്രകടിപ്പിച്ച് ഏക്ത കപൂര്‍

single-img
26 February 2018

നടി ശ്രീദേവിയുടെ മരണം അമിത ശസ്ത്രക്രിയകള്‍ കാരണമാണെന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ചലച്ചിത്ര ടിവി നിര്‍മാതാവ് ഏക്ത കപൂര്‍. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ‘ദുഷ്ചിന്താഗതിക്കാര്‍ക്കുള്ള’ മറുപടിയെന്നു പറഞ്ഞാണ് ഏക്തയുടെ ട്വീറ്റ്.

ഹൃദയത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളില്ലാതെയും ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയയുടെ പ്രത്യാഘാതമല്ലാതെയും ജനസംഖ്യയിലെ ഒരു ശതമാനം വരുന്നവര്‍ക്ക് ഹൃദയസ്തംഭനം വന്നേക്കാം. ഹീനമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ പറയുന്നതു പോലെയല്ല, ഈ മരണം ശ്രീദേവിയുടെ വിധിയാണ്. തന്റെ ഡോക്ടര്‍ പറഞ്ഞു തന്ന വിവരങ്ങളനുസരിച്ചാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും ഏക്ത ട്വീറ്റില്‍ പറയുന്നു.

ശരീരത്തില്‍ പലപ്പോഴായി നടത്തിയ സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകളാണ് ശ്രീദേവിയുടെ മരണത്തിനു കാരണമായതെന്ന വിവാദം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച സാമൂഹിക മാധ്യമങ്ങളിലെ ചില കുറിപ്പുകളും വൈറലായി. അവസാനമായി ശ്രീദേവി മൂക്കില്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ പ്രതിസ്ഥാനത്തു വന്നു.

എന്നാല്‍ ഇതിനെ പ്രതിരോധിച്ചു കൊണ്ടാണിപ്പോള്‍ ഏക്തയുടെ കുറിപ്പ്. ‘ഏറ്റവും ശക്തരായ വനിതകള്‍ ചിലപ്പോഴൊക്കെ ഏറ്റവും ദുര്‍ബല ഹൃദയത്തിന് ഉടമകളായിരിക്കും’ എന്ന ട്വീറ്റും ശ്രീദേവിയുടെ മരണത്തില്‍ അനുശോചിച്ച് ഏക്ത പോസ്റ്റ് ചെയ്തിരുന്നു.

ശനിയാഴ്ച രാത്രി പതിനൊന്നിനാണ് ദുബായ് എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചത്. മരണം സ്ഥിരീകരിച്ച ശേഷം പുലര്‍ച്ചെ രണ്ടിനു ഖിസൈസിസെ ദുബായ് പോലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്തു.

ഹൃദയസ്തംഭനം മൂലം കുഴഞ്ഞു വീണതാണോ, അതോ കുഴഞ്ഞു വീണതിനെത്തുടര്‍ന്നുണ്ടായ ആഘാതത്തിലാണോ മരിച്ചത് എന്നാണു പരിശോധിക്കുന്നത്. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ശ്രീദേവിയ്‌ക്കൊപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഫൊറന്‍സിക് റിപ്പോര്‍ട്ട് വരാന്‍ വൈകുന്ന സാഹര്യത്തില്‍ മരണകാരണം എന്തെന്നു വ്യക്തമാക്കാന്‍ കോണ്‍സുലേറ്റ് അധികൃതരോ കുടുംബാംഗങ്ങളോ ഇതുവരെ തയാറായിട്ടില്ല. ബര്‍ ദുബായ് പോലീസ് സംഭവത്തില്‍ കേസെടുത്ത് താമസസിച്ച ഹോട്ടല്‍ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചു.

ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചശേഷം മൃതദേഹം എംബാമിങ്ങിനായി മുഹൈസിനയിലെ മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററിലേക്ക് കൊണ്ടുപോകും. ഇന്ന് വൈകുന്നേരമായിരിക്കും മൃതദേഹം മുംബൈയിലെത്തിക്കുക. മൃതദേഹം കൊണ്ടുപോകാനായി വ്യവസായി അനില്‍ അംബാനി ഏര്‍പ്പെടുത്തിയ സ്വകാര്യവിമാനം ദുബായിലെത്തിയിട്ടുണ്ട്. ബോളിവുഡ് നടനും മരുമകനുമായ മോഹിത് മെര്‍വയുടെ റാസല്‍ഖൈമയില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ചയാണ് ശ്രീദേവിയും കുടുംബവും യുഎഇയിലെത്തിയത്.