ഷുഹൈബ് വധത്തില്‍ മുഖം നോക്കാതെ നടപടിയെന്ന് മുഖ്യമന്ത്രി: ‘പ്രതികളെ ഒരാഴ്ചയ്ക്കകം പിടിക്കും’

single-img
26 February 2018

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം കുറ്റമറ്റ നിലയില്‍ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ അറസ്റ്റിലായിരിക്കുന്നവര്‍ ഡമ്മി പ്രതികളാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നീതിപൂര്‍വമായ അന്വേഷണമാണു നടക്കുന്നത്. രണ്ടു പേരാണു ഷുഹൈബിനെ വെട്ടിയത്. ഒരാളും കൊല്ലപ്പെടരുതെന്നാണു സര്‍ക്കാര്‍ നിലപാട്.

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അക്രമത്തിലേക്ക് വഴിമാറരുത്. കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ 30 ശതമാനത്തോളം കുറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ 2016ല്‍ ഏഴായിരുന്നത് 2017ല്‍ രണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസ് നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സണ്ണി ജോസഫാണ് ഷുഹൈബ് വധത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്കു കടന്നു.

അതേസമയം പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി. സഭയില്‍ ബഹളമുണ്ടാക്കിയ പ്രതിപക്ഷാംഗങ്ങളെ സ്പീക്കര്‍ താക്കീത് ചെയ്തു. സഭയുടെ മുഖം മറച്ചത് അവഹേളനമാണെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിഷേധം സഭയുടെ അന്തസ് പാലിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ പ്രതിപക്ഷാംഗങ്ങളെ താക്കീത് ചെയ്തു.

സ്പീക്കറുടെ പരാമര്‍ശം ശരിയായില്ലെന്നും ജനങ്ങളുടെ വികാരമാണ് പ്രകടപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു.