മനോഹര്‍ പരീക്കര്‍ വീണ്ടും ആശുപത്രിയില്‍

single-img
26 February 2018

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരീക്കര്‍ക്ക് നിര്‍ജലീകരണമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ഗോവാ ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു.

പരീക്കറുടെ ആരോഗ്യനില തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് വിദഗ്ധ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് റാണയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. അറുപത്തിരണ്ടുകാരനായ പരീക്കര്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനാണ്.

ഭക്ഷ്യവിഷബാധയെയും വയറു വേദനയെയും തുടര്‍ന്ന് ഫെബ്രുവരി 15ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരീക്കറിനെ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. അതേസമയം ആവശ്യമെങ്കില്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് പരീക്കറെ അമേരിക്കയിലേക്ക് കൊണ്ടുപോകുമെന്ന് ഗോവന്‍ ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചിരുന്നു.