നിര്‍ണായകപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്ക് ടോസ്; നായകന്‍ വിരാട് കോലി ഇല്ലാതെ ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങുന്നു

single-img
24 February 2018


കേപ്ടൗണ്‍: ഇന്ത്യക്കെതിരായ നിര്‍ണായക ട്വന്‍റി20 പോരാട്ടത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുത്തു. പരിക്ക് വില്ലനായതോടെ നായകന്‍ വിരാട് കോലിയില്ലാതെയാണ് ഇന്ത്യയിറങ്ങുന്നത്. ഓപ്പണര്‍ രോഹിത് ശര്‍മയാണ് കോലിക്ക് പകരം ഇന്ത്യയെ നയിക്കുന്നത്. മുതുകിനേറ്റ പരിക്കാണ് തകര്‍പ്പന്‍ ഫോമിലുള്ള കോലിയെ കരയ്ക്കിരുത്തിയത്. ദിനേശ് കാര്‍ത്തിക് കോലിയുടെ സ്ഥാനത്ത് ഇലവനില്‍ ഇടം പിടിച്ചു. ബൗളിങ്ങില്‍ യുസ്വേന്ദ്ര ചഹലിന് പകരം അക്ഷര്‍ പട്ടേലും ജയ്ദേവ് ഉനദ്കട്ടിന്‍െറ സ്ഥാനത്ത് ജസ്പ്രീത് ബുംറയും കളിക്കും.

മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഒരെണ്ണം വീതം ജയിച്ച് സമനിലയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ആതിഥേയര്‍ തിരിച്ചടിച്ചു. ആദ്യം ബൗള്‍ ചെയ്ത മത്സരത്തില്‍ ജയിച്ചതിന്‍െറ പശ്ചാത്തലത്തിലാണ് ബൗളിങ് തെരഞ്ഞെടുത്തതെന്ന് പ്രോട്ടീസ് ക്യാപ്റ്റന്‍ ജെ.പി. ഡുമിനി പറഞ്ഞു.