ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം: ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് കൈമാറി

single-img
22 February 2018

തിരുവനന്തപുരം: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷുഹൈബിനെ വധിച്ച കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയ കത്ത് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

യൂത്ത് കോണ്‍ഗ്രസ് നേതാവും എസ്എസ്എഫ് പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ഷുഹൈബിനോടു സിപിഎമ്മിനുള്ള രാഷ്ട്രീയ വിരോധവും കുടിപ്പകയും അസഹിഷ്ണുതയുമാണു കൊലപാതകത്തിനു കാരണമെന്നു വിശ്വസിക്കുന്നതായി മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവര്‍ നിവേദനത്തില്‍ പറയുന്നു.

സി.പി.എമ്മിന്റെ ഉന്നത തലങ്ങളില്‍ നടന്ന വന്‍ ഗൂഡാലോചനയുടെ ഫലമാണ് ഈ കൊലപാതകമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊലപാതകം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും കേസന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത് സി.പി.എമ്മിന്റെ ഇടപെടല്‍ കാരണമാണ്.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളോ വാഹനങ്ങളോ കണ്ടെത്തുന്നതിനോ മുഴുവന്‍ പ്രതികളെ തിരിച്ചറിയുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് അവകാശപ്പെടുന്ന റിജില്‍ രാജ്, ആകാശ് എന്നിവരെ സി.പി.എം നേതാക്കള്‍ തന്നെ പൊലീസില്‍ ഹാജരാക്കിയതാണെന്ന നേതാക്കളുടെ പ്രസ്താവന സി.പി.എമ്മുമായി പ്രതികള്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും ജില്ലാ സെക്രട്ടറി പി.ജയരാജനുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ഇത് സ്വതന്ത്രമായ കേസന്വേഷണത്തിന് തടസമാകുമെന്നും കത്തില്‍ പറയുന്നു.

കേസന്വേഷണത്തെ തടസപ്പെടുത്തുന്ന രീതിയില്‍ പോലീസ് സേനയിലെ ഒരു വിഭാഗം തന്നെ കേസ് വിവരങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ത്തി കൊടുക്കുന്നതായി ജില്ലാ പൊലീസ് മേധാവി ഉന്നത പോലീസ് അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അവധിയില്‍ പോവുകയും ചെയ്തു.

സി.പി.എം നേതൃത്വത്തിന്റെയും, ഭീകര സംഘത്തിന്റെയും ഭീഷണികളും സി.പി.എമ്മിലെ തന്നെ ഉന്നത നേതാക്കളുടെ ഇടപടലും മൂലം പോലീസിന് കേസ് ഫലപ്രദമായി അന്വേഷിക്കാനാവുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ഷുഹൈബിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ മാതൃകാപരമായി ശിക്ഷിക്കാനോ സാധിക്കില്ല എന്ന ഭയമാണ് ഇത്തരത്തില്‍ ഒരു നിവേദനം സമര്‍പ്പിക്കാന്‍ കാരണമായതെന്നും നിവേദനത്തില്‍ പറയുന്നു.

കേസ് അട്ടിമറിക്കപ്പെടും എന്നതിന് പത്തു കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്വേഷണം കഴിയുന്നതും വേഗം സി.ബി.ഐ.യ്ക്ക് കൈമാറണം എന്ന് ആവശ്യപ്പെടുന്നതെന്നും മാതാപിതാക്കള്‍ നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.