ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി സി.പി.എം അംഗം തന്നെയെന്ന് പി ജയരാജന്‍;കേസിൽ ആകാശിന് പങ്കുണ്ടോയെന്ന് പാര്‍ട്ടി അന്വേഷണം നടത്തും

single-img
21 February 2018


കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പാര്‍ട്ടി ബന്ധം സമ്മതിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ആകാശിന് സിപിഐഎമ്മുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞു.കേസില്‍ ആകാശിന് പങ്കുണ്ടോയെന്ന് പാര്‍ട്ടി അന്വേഷണം നടത്തും. പാര്‍ട്ടി അന്വേഷിച്ചാണ് നടപടിയെടുക്കുക. പോലീസും സി.ബി.ഐയുമൊക്കെ പലരെയും പ്രതിയാക്കുന്നുണ്ട്. അതിലൊക്കെ യഥാര്‍ത്ഥ്യമുണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കും.ഇന്ന് കണ്ണൂരില്‍ നടന്ന സര്‍വകക്ഷിയോഗത്തിന് ശേഷമാണ് ജയരാജന്‍ ഇങ്ങനെ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പമുള്ള ചിത്രം പുറത്തുവന്നിരുന്നു. ഷുഹൈബ് വധത്തില്‍ സി.പി.എമ്മിന് ഒരു പങ്കുമില്ലെന്ന് ആദ്യം മുതല്‍ പറഞ്ഞിരുന്ന ജയരാജനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഈ ചിത്രങ്ങള്‍.

സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച നടപടി യുഡിഎഫിന്റെ നാടകമാണെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. സമരം തുടരാന്‍ വേണ്ടിയാണ് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചതെന്നും ഇത് അങ്ങേയറ്റം അപഹാസ്യമായ നിലപാടാണെന്നും ജയരാജന്‍ പറഞ്ഞു.