സ്വന്തമായി ചുവടുകള്‍ ചിട്ടപ്പെടുത്താം: അബുദാബിയിലെ പ്രിയ മനോജിന്റെ നൃത്ത വിദ്യാലയം വ്യത്യസ്തമാണ്

single-img
20 February 2018

അബുദാബി: സംഗീതവും നൃത്തവും സമന്വയിപ്പിച്ച ഒരു പാഠ്യശാല ഒരുക്കിയിരിക്കുകയാണ് അബുദാബിയിലെ പ്രിയ മനോജ്. പുത്തന്‍ ആശയാവിഷ്‌കാരത്തിലൂടെ നൂറുകണക്കിന് കുട്ടികളെയാണ് ഈ അധ്യാപിക കലാവേദിയിലേക്ക് ആനയിച്ചത്.

സാധാരണ നൃത്ത വിദ്യാലയങ്ങളില്‍ നിന്നും വ്യത്യസ്തമാണ് പ്രിയയുടെ പാഠ്യശാല. സ്വന്തമായി ചുവടുകള്‍ ചിട്ടപെടുത്താനും, അവതരിപ്പിക്കാനും ഇവിടെ കുട്ടികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. സ്വന്തം ആശയങ്ങള്‍ ചുവടുകളാക്കാനുള്ള ഉപദേശവും പരിശീലനവുമാണ് പ്രിയ മനോജ് പകരുന്നത്.

കുട്ടികളിലെ ആത്മ വിശ്വാസം വര്‍ധിപ്പിച്ച് കലയിലേക്ക് ആഴത്തില്‍ ഇവരെ അടുപ്പിക്കുകയാണ് ഈ അധ്യാപിക. നൃത്തത്തിന്റെ അവിഭാജ്യ ഘടകങ്ങളായ താളവും, സംഗീതവും, കുട്ടികള്‍ക്ക് മനസിലാക്കത്തക്ക വിധമാണ് പാഠ്യശാല ക്രമീകരിച്ചിരിക്കുന്നത്.

അബുദാബിയില്‍ പത്തുവര്‍ഷമായി നൃത്ത അധ്യാപികയായ പ്രിയ, ഭരത നാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. കലാ മണ്ഡലം ക്ഷേമാവതിയുടെ കീഴില്‍ നൃത്തം പഠിച്ച പ്രിയ മനോജ് ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്ട്യത്തില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്.