സ്വതന്ത്രയായി ജീവിക്കാന്‍ അനുവദിക്കണം; പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണം: ഹാദിയ സുപ്രീംകോടതിയില്‍

single-img
20 February 2018

സ്വതന്ത്രയായി ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹാദിയ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. താന്‍ മുസ്‌ലിമാണെന്നും, മുസ്‌ലിമായി സ്വതന്ത്രമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ഹാദിയ ആവശ്യപ്പെട്ടിട്ടുണ്ട്.

തന്നെ വീട്ടില്‍ വന്നുകണ്ടവരുടെ വിശദാംശങ്ങള്‍ കോടതി പരിശോധിക്കണം. പൊലീസ് അകമ്പടി ഒഴിവാക്കി പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. ഷെഫിന്‍ ജഹാനൊപ്പം വിടണമെന്നും മുസ്‌ലിമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

കനത്ത പൊലീസ് കാവലില്‍ ആണ് ഹാദിയ ഇപ്പോള്‍ കോയമ്പത്തൂരില്‍ പഠിക്കുന്നത്. ഷെഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണെന്നും ആരുടെയും സമ്മര്‍ദത്തിനു വഴങ്ങിയല്ല താന്‍ വിവാഹം കഴിച്ചതെന്നും ഹാദിയ നേരത്തെ നിലപാടെടുത്തിരുന്നു.

‘എനിക്കു നീതി ലഭിക്കണം. ഭര്‍ത്താവിനൊപ്പം പോകണമെന്നാണ് ആഗ്രഹം. സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം സ്വീകരിച്ചത്’–അന്നും ഹാദിയ പറഞ്ഞിരുന്നു.