ആണ്‍സുഹൃത്തുമൊത്ത് വീഡിയോ കോള്‍ ചെയ്യുന്നതിനിടെ എംബിഎ വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു

single-img
19 February 2018

ഹൈദരാബാദ്: ആണ്‍സുഹൃത്തുമൊത്ത് വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ എംബിഎ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. കൊമ്പള്ളിയിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. ആന്ധ്രപ്രദേശിലെ അനന്തപുര്‍ സ്വദേശിനിയായ ഹനീഷ ചൗധരി എന്ന വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്.

പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ കണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു. എംബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഹനീഷ. കൊമ്പള്ളിയിലെ ശിവശിവാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോളേജിലാണ് ഹനീഷ പഠിക്കുന്നത്.

ദക്ഷിഷ് പട്ടേല്‍ എന്നയാളുമായി ഹനീഷ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച ഇയാളുമായി സംസാരിക്കുന്നതിനിടെ ഹനീഷ പെട്ടെന്ന് ഹോസ്റ്റല്‍ മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇത് കണ്ട് ഭയന്ന ദക്ഷിഷ് അപ്പോള്‍ തന്നെ ഹോസ്റ്റലിലേക്ക് ചെന്നു.

ഹോസ്റ്റല്‍ അധികൃതരുടെ സഹായത്തോടെ മുറിയുടെ വാതില്‍ പൊളിച്ച് അകത്തുകടന്നു. അപ്പോഴേക്കും അബോധാവസ്ഥയിലായ ഹനീഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.