800 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ്: റോട്ടോമാക് ഉടമ വിക്രം കോത്താരി അറസ്റ്റില്‍

single-img
19 February 2018

ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദിക്കു പിന്നാലെ ബാങ്ക് തട്ടിപ്പ് കേസുകളില്‍ മറ്റ് പല പ്രമുഖരും കുടുങ്ങുന്നു. അഞ്ച് പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 800 കോടിയോളം രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് 485 കോടി രൂപയാണു റോട്ടോമാക് വായ്പയെടുത്തത്. അലഹാബാദ് ബാങ്കില്‍ നിന്ന് 352 കോടി രൂപയുടെ വായ്പയെടുത്തു. ഇതുവരെ പലിശയോ മുതലോ അടച്ചിട്ടില്ല. മറ്റു മൂന്നു ബാങ്കുകളില്‍നിന്നും വായ്പയുണ്ട്.

എല്ലാറ്റിലുംകൂടി ബാധ്യത ആയിരം കോടിയില്‍പരം രൂപവരും. വായ്പകള്‍ തിരിച്ച് അടയ്ക്കുമെന്ന് നേരത്തെ കോത്താരി അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ കോത്താരി വായ്പകള്‍ തിരിച്ച് അടച്ചിട്ടില്ലെന്നാണ് ബാങ്കുകള്‍ നല്‍കുന്ന വിവരം. മല്യയ്ക്കും, നീരവ് മോദിക്കും സമാനമായി രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സിബിഐ അറസ്റ്റിലേയ്ക്കുള്ള നീക്കം നടത്തിയത്.

കാണ്‍പൂര്‍ ആസ്ഥാനമായുള്ള റോട്ടോമാക് 45 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. കോത്താരിയുടെ കാണ്‍പുറിലെ വീട്ടിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടത്തി. കോത്താരിയെയും ഭാര്യയെയും മകനെയും സി ബി ഐ ചോദ്യം ചെയ്തിട്ടുമുണ്ട്.

ഇന്നു പുലര്‍ച്ചെ നാലുമണിയോടെ ആയിരുന്നു റെയ്ഡ് ആരംഭിച്ചത്. ബാങ്ക് ഓഫ് ബറോഡയുടെ പരാതിന്മേലാണ് സി ബി ഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 2017 ഫെബ്രുവരിയില്‍ അലഹാബാദ് ബാങ്ക്, യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍ സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ കോത്താരിയെ വായ്പാ തിരിച്ചടവില്‍ മനഃപൂര്‍വമായി മുടക്കം വരുത്തുന്നയാളായി പ്രഖ്യാപിച്ചിരുന്നു.

ബാങ്കുകളുടെ ഈ പ്രഖ്യാപനത്തിന് എതിരെ കോത്താരി അലഹാബാദ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. പാന്‍ മസാലാ ബ്രാന്‍ഡായ പാന്‍ പരാഗിന്റെയും ഉടമസ്ഥര്‍ കോത്താരിയുടെ കുടുംബമാണ്.