സ്പാനിഷ് ഗാനവും എആര്‍ റഹ്മാന്റെ മൂങ്കില്‍ തോട്ടവും ചേര്‍ന്ന് ഒരു ആല്‍ബം; വൈറലായി കാവ്യ അജിത്ത് പാടി അഭിനയിച്ച ‘ലാ മ്യൂസിക’

single-img
19 February 2018

സ്പാനിഷ് പാട്ടായ cosiendome el corazon, കടല്‍ സിനിമയിലെ റഹ്മാന്‍ അണിയിച്ചൊരുക്കിയ മൂങ്കില്‍ തോട്ടവും സംയോജിപ്പിച്ച് പ്രശസ്ത പിന്നണിഗായിക കാവ്യാ അജിത് പാടി അഭിനയിച്ച ആല്‍ബം ആണ് ‘ലാ മ്യൂസിക’. തിരുവനന്തപുരം മിഥിര്‍മല, കല്ലറ തുടങ്ങിയ പ്രദേശങ്ങളില്‍ ചിത്രീകരിച്ച ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഉദയനാണ്.

വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ‘ലാ മ്യൂസിക’ ഒരുക്കിയിരിക്കുന്നത്. അവസാന ഭാഗത്തു അതി മനോഹരമായ ഒരു വയലിന്‍ പീസും കാവ്യാ സ്വയം സൃഷ്ടിച്ചിട്ടുണ്ട്. ഫെബ്രുവരി 14ന് റിലീസ് ചെയ്ത ആല്‍ബം ഇതിനോടകം സോഷ്യല്‍മീഡിയ ഇരുകൈയും നീട്ടി സ്വീകരിച്ചു.

വിമാനം, ഹേ ജൂഡ്, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ജോ ആന്റ് ദി ബോയ് തുടങ്ങിയ സിനിമകളില്‍ കാവ്യാ അജിത് പാടിയിട്ടുണ്ട്. സംവിധായകന്‍ ബാഷ് മുഹമ്മദിന്റെ സംവിധായക സഹായി ആയി പ്രവര്‍ത്തിച്ച വിഷ്ണു ഉദയന്‍ ഇതിനു മുമ്പ് 6 ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

മാര്‍ ഇവനിയസ് കോളേജ് വിദ്യാര്‍ത്ഥിയായ ആനന്ദ് യശോധരന്‍ ആണ് കാമറ ചലിപ്പിച്ചിരിക്കുന്നത്. റെക്‌സ് ജോര്‍ജ് റീപ്രോഗ്രാമിങ്ങും സുജിത് ഹൈദര്‍ മിക്‌സിങ്ങും നിര്‍വഹിച്ചിരിക്കുന്നു. എറണാകുളം സ്വദേശി തുളസി വിശ്വനാഥന്‍ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു.