വിവാഹം കഴിഞ്ഞ് 40ാം നാള്‍ ദമ്പതികള്‍ വിവാഹബന്ധം വേര്‍പെടുത്തി; കാരണം ഷവര്‍മ

single-img
19 February 2018

വിവാഹമോചനവാര്‍ത്തകള്‍ ഇന്ന് സര്‍വ്വസാധാരണമാണ്. എന്നാല്‍ അതിന്റെ കാരണങ്ങളാണ് ചിലപ്പോള്‍ രസകരമാകുന്നത്. ഈജിപ്തിലെ ദമ്പതികള്‍ കല്ല്യാണം കഴിഞ്ഞ് 40ാം നാല്‍ വിവാഹമോചനം നേടി. കാരണമാണ് രസകരം. ഭര്‍ത്താവ് ഷവര്‍മ വാങ്ങി നല്‍കിയില്ല എന്നതാണ് കാരണം.

എന്നാല്‍ ഇത് മാത്രമല്ല കാരണമെന്നാണ് സമീഹ എന്ന യുവതി വ്യക്തമാക്കുന്നത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായത് കൊണ്ട് തന്നെ 2 മാസത്തെ പരിചയം മാത്രമേ ഭര്‍ത്താവുമായി സമീഹയ്ക്ക് ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ വേണ്ട വിധത്തില്‍ മനസിലാക്കാന്‍ സാധിച്ചുമില്ല.

പുറത്ത് പോകുന്നത് പണം ചെലവാകുന്ന കാര്യമായത് കൊണ്ട് തനിക്ക് ഇഷ്ടമല്ലെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ തന്നെ ഭര്‍ത്താവ് ഇത് പറഞ്ഞത് തന്നെ ഞെട്ടിച്ചുവെന്ന് യുവതി പറയുന്നു. കല്ല്യാണ ശേഷം 40 ദിവസത്തില്‍ ഒരിക്കല്‍പോലും ഒരുമിച്ച് പുറത്ത് പോയിട്ടില്ല.

തന്റെ നിരന്തര നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ പുറത്ത് പോയ ദിവസമാണ് ഭര്‍ത്താവിന്റെ തനിസ്വഭാവം മനസിലായത്. ഒരു ഷവര്‍മ വാങ്ങിത്തരാന്‍ ആവശ്യപ്പെട്ട തനിക്ക് ഭര്‍ത്താവ് ജ്യൂസ് വാങ്ങി നല്‍കിയതിന് ശേഷം ഇത് കൊണ്ട് തൃപ്തിപ്പെടാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ വീണ്ടും ഷവര്‍മ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നീ എന്റെ സ്വത്ത് മുടിപ്പിക്കാന്‍ ഉണ്ടായതാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തി. യാത്രയിലുടനീളം അവഹേളിക്കാനാണ് ഭര്‍ത്താവ് ശ്രമിച്ചത്. ഒരു ഘട്ടത്തില്‍ കാറില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ വരെ പറഞ്ഞു.

ഇത് തനിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്നും കുടുംബാംഗങ്ങളോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിന് ശേഷമാണ് വിവാഹമോചന കേസ് കൊടുത്തതെന്നും യുവതി വ്യക്തമാക്കി.