ദീപിക പദുകോണിനും കത്രീന കയ്ഫിനുമൊപ്പം അഭിനയിക്കണം: അപേക്ഷയുമായി അമിതാഭ് ബച്ചന്‍

single-img
19 February 2018

ഒരു തൊഴില്‍ അപേക്ഷയുമായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍. ദീപിക പദുകോണിനും കത്രീന കയ്ഫിനുമൊപ്പം അഭിനയിക്കാനുള്ള അപേക്ഷയാണ് ബിഗ്ബി സോഷ്യല്‍മീഡിയയിലൂടെ തമാശരൂപത്തില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു പേപ്പര്‍ കട്ടിങ്ങും ചേര്‍ത്താണ് അദ്ദേഹം അപേക്ഷ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒരു മാധ്യമവാര്‍ത്തയെ കൂട്ടുപിടിച്ചാണ് ബിഗ്ബിയുടെ രസകരമായ ട്വീറ്റ്. ഉയരം കൂടിയ നായികമാരായ ദീപികയ്ക്കും കത്രീനയ്ക്കുമൊപ്പം ഉയരം കുറഞ്ഞ അമീര്‍ഖാനും ഷാഹിദുമെല്ലാം അഭിനയിക്കുന്നത് എത്ര ബുദ്ധിമുട്ടേറിയ കാര്യമാണ് എന്ന വാര്‍ത്തയായിരുന്നു അത്.

ഇതിനുള്ള മറുപടിയായാണ് ബച്ചന്റെ ട്വീറ്റ്. ദീപികയ്ക്കും കത്രീനയ്ക്കും ഒപ്പം അഭിനയിക്കാനുള്ള തൊഴില്‍ അപേക്ഷയാണ് നല്‍കിയിരിക്കുന്നത്. പേര്, വയസ്, മേല്‍വിലാസം, ഉയരം എന്നിവയാണ് അതില്‍ നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ ഉയരം ഒരു പ്രശ്‌നമായിരിക്കില്ലെന്ന് ബിഗ്ബി പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

ബച്ചന്റെ അപേക്ഷയ്ക്ക് ദീപിക മറുപടിയും നല്‍കി. തനിക്ക് ലഭിച്ച അവാര്‍ഡ് എന്നായിരുന്നു ദീപിക മറുപടി ട്വീറ്റ് കുറിച്ചത്. നന്ദിയും അറിയിച്ചു. പികു എന്ന ചിത്രത്തില്‍ അമിതാബ് ബച്ചന്റെ മകളായി ദീപിക അഭിനയിച്ചിട്ടുണ്ട്. 2003ല്‍ പുറത്തിറങ്ങിയ ബൂം എന്ന ചിത്രത്തിലാണ് കത്രീന ബച്ചനൊപ്പം വേഷമിട്ടത്. റിലീസാവാനിരിക്കുന്ന തഗ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലും ഇരുവരും ഒരുമിക്കുന്നുണ്ട്.