യുഎഇയില്‍ ജോലി തേടുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭിക്കാന്‍…

single-img
18 February 2018


തിരുവനന്തപുരം: യുഎഇയില്‍ ജോലി തേടുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. അപേക്ഷയും വ്യവസ്ഥകളും കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.  (www.keralapolice.gov.in )

അപേക്ഷകന്‍ ചെയ്യേണ്ടത്

അപേക്ഷിക്കുന്ന വ്യക്തി ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്
500 രൂപയാണ് അപേക്ഷാ ഫീസ്
അപേക്ഷയോടൊപ്പം മേല്‍വിലാസവും ജനനത്തീയതിയും തെളിയിക്കുന്നതിന് റേഷന്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, എസ്.എസ്.എല്‍.സി. ബുക്ക് എന്നിവയിലേതെങ്കിലും ഒന്ന് നല്‍കണം
സര്‍ട്ടിഫിക്കറ്റ് എന്താവശ്യത്തിനാണെന്നതിനു തെളിവായുള്ള കത്ത് /രേഖ ഉണ്ടെങ്കില്‍ അവ
പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്
രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ

ഇതെല്ലാം നല്‍കി കഴിഞ്ഞാല്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍/ സ്റ്റേഷന്‍ റൈറ്റര്‍ അപേക്ഷാ ഫീസ് സ്വീകരിച്ച് ടി.ആര്‍.5 രസീതു നല്‍കുന്നതാണ്. അപേക്ഷ സ്വീകരിച്ച് മുന്നു ദിവസത്തിനുള്ളില്‍ ആവശ്യമായ പരിശോധനകള്‍ക്കു ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ച് മുഖേന അപേക്ഷകനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതാണ്. അന്വേഷണത്തില്‍ അസ്വഭാവികമായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ ആ വിവരം യു.എ.ഇ എംബസിയെ അറിയിക്കുന്നതാണ്.

ഇമെയില്‍ വഴിയും അപേക്ഷിക്കാം

നിലവില്‍ വിദേശത്തു താമസിക്കുന്ന മലയാളിയാണെങ്കില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു ഇമെയില്‍ വഴി അപേക്ഷിക്കാം. www.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളും നാട്ടിലെ വ്യക്തിയെ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ ചുമതലപ്പെടുത്തുന്ന കത്തും സഹിതം ഇമെയില്‍ ആയി അപേക്ഷിക്കാം.

അപേക്ഷാ ഫീസ് നാട്ടിലുള്ള എതെങ്കിലും വ്യക്തി മുഖാന്തിരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അടയ്ക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഫോട്ടോ പതിക്കാത്ത ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുക. അപേക്ഷകന് ആവശ്യമെങ്കില്‍ ഇമെയിലായും സര്‍ട്ടിഫിക്കറ്റ് അയച്ചുനല്‍കും.

അപേക്ഷയോടൊപ്പം ഇക്കാര്യം പ്രത്യേകം രേഖപ്പെടുത്തണം. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷയോടൊപ്പം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്ത് ആവശ്യത്തിനാണെന്നതിനുള്ള രേഖ ലഭ്യമാണെങ്കില്‍ ഹാജരാക്കിയാല്‍ മതിയെന്നും പൊലീസ് മേധാവി നിര്‍ദേശിച്ചു.