പനീര്‍സെല്‍വം – പളനിസാമി കൂട്ടിന് പിന്നില്‍ മോദി

single-img
17 February 2018


ചെന്നൈ: എ.ഐ.എ.ഡി.എം.കെയില്‍ പൊട്ടിത്തെറിയുണ്ടാക്കിയ പളനിസാമി-പനീര്‍സെല്‍വം കൂട്ടുകെട്ടിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട് ഉപ മുഖ്യമന്ത്രി കൂടിയായ ഒ.പനീര്‍സെല്‍വം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുവിഭാഗങ്ങളും യോജിച്ച് നില്‍ക്കണമെന്ന് നരേന്ദ്ര മോദി ആവശ്യപ്പെടുകയായിരുന്നെന്ന് പനീര്‍സെല്‍വം പറഞ്ഞു. തേനിയില്‍ എ.ഐ.എ.ഡി.എം.കെ ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഒന്നിച്ചുനില്‍ക്കാന്‍ പറഞ്ഞത്. മന്ത്രിപദം തനിക്ക് വേണ്ടെന്ന നിലപാടെടുത്തപ്പോള്‍ പളനിസാമി മന്ത്രിസഭയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടത് മോദിയായിരുന്നു. തനിക്ക് മന്ത്രികസേര എന്ന മോഹമില്ലെന്നും അമ്മ ജയലളിത തന്നെ നാല് തവണ എം.എല്‍.എയും രണ്ട് തവണ മുഖ്യമന്ത്രിയും ആക്കിയത് ധാരാളമാണെന്നും പനീല്‍സെല്‍വം കൂട്ടിച്ചേര്‍ത്തു.

ജയലളിത മരിച്ചതിന് പിന്നാലെ അധികം വൈകാതെ എ.ഐ.എ.ഡി.എം.കെയില്‍ ശശികല വിഭാഗവും പനീര്‍സെല്‍വം വിഭാഗവും ഇടയുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പനീര്‍സെല്‍വത്തെ പുറത്താക്കിയ ശശികലക്ക് തിരിച്ചടി നല്‍കിക്കൊണ്ടാണ് 2017 ഓഗസ്റ്റില്‍ എടപ്പാടി പളനിസാമിയും ഒ.പനീര്‍സെല്‍വവും കൈകോര്‍ത്തത്. തമിഴ്നാട്ടില്‍ പിടിമുറുക്കാനുള്ള ബി.ജെ.പിയുടെ തന്ത്രത്തിന്‍െറ ഭാഗമാണ് ഈ ലയനമെന്ന് അന്ന് തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.