അക്ഷയ്കുമാറിന്റെ പാഡ്മാന് നികുതിഭാരം ഒഴിവാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍

single-img
17 February 2018

അക്ഷയ്കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ ‘പാഡ്മാന്’ നികുതിഭാരം ഒഴിവാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ നിര്‍ദേശപ്രകാരമാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ അക്ഷയ്കുമാറിന്റെ പാഡ്മാന്‍ എന്ന ചിത്രത്തെ വിനോദനികുതിയില്‍ നിന്ന് ഒഴിവാക്കിയത്.

ആര്‍ത്തവകാല ശുചിത്വം എന്ന വിഷയത്തില്‍ സമൂഹത്തിന് ബോധവത്ക്കരണം നല്‍കുന്ന ചിത്രമെന്ന വസ്തുത മുന്‍നിര്‍ത്തിയാണ് ഈ നടപടി. കൂടുതല്‍ ആളുകള്‍ പ്രത്യേകിച്ച് പാഡ്മാന്‍ കാണുന്നതിലൂടെ ചിത്രം നല്‍കുന്ന സന്ദേശം വ്യാപകമാവുകയും അതിലൂടെ ആര്‍ത്തവകാല ശുചിത്വത്തെക്കുറിച്ച് സ്ത്രീകളില്‍ ബോധവത്ക്കരണം ഉണ്ടാവുകയും ചെയ്യുമെന്ന് വസുന്ധര രാജെ സിന്ധ്യ അഭിപ്രായപ്പെട്ടു.

ബാല്‍കി സംവിധാനം ചെയ്ത ചിത്രത്തില്‍ അക്ഷയ് കുമാറിനൊപ്പം സോനം കപൂര്‍, രാധികാ ആപ്‌തെ എന്നിവരും പ്രധാന വേഷത്തിലുണ്ട്. തമിഴ്‌നാട് സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ അരുണാചലം മുരുകനന്ദന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ബാല്‍കി പാഡ്മാന്‍ ഒരുക്കിയത്. ഭാരതത്തിലെ ഗ്രാമീണ പ്രദേശങ്ങളില്‍ ആര്‍ത്തവകാല ശുചിത്വ സന്ദേശം പ്രചരിപ്പിക്കുന്നതിന് സാനിറ്ററി നാപ്കിന്‍ ഉദ്പാദിപ്പിക്കുന്ന യന്ത്രം വിലക്കുറവില്‍ സ്ഥാപിച്ചാണ് അരുണാചലം പ്രശസ്തനായത്.